ഉംപുൺ അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഹൈദരാബാദ്: ഉംപുൺ ചുഴലിക്കാറ്റ് തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ ഇതിന്റെ വേഗത 200 കിലോമീറ്ററായിരിക്കും.നാളെ രാവിലെയോടെ കൂടുതല്‍ ചുഴലിക്കാറ്റ് തീവ്രമാകും എന്നാണ് മുന്നറിയിപ്പ്.

നിലവില്‍ ഒഡിഷയിലെ പാരാദ്വീപിന് 990 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം.വടക്കു കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, ഒഡീഷക്കും പശ്ചിമബംഗാളിനും ഇടയില്‍ തീരം തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട്് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും നിര്‍ദ്ദേശമുണ്ട്.

Top