ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റ് ബം​ഗാൾ തീരത്ത് പ്രവേശിച്ചു; കൊല്‍ക്കത്തയിലും കനത്ത ജാഗ്രത !

കൊല്‍ക്കത്ത: ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കേറുന്നത്. രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അടുത്ത നാല് മണിക്കൂറില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കേറുമെന്നുമായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്.

ബുധനാഴ്ച രാവിലെയായപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം അല്‍പം കുറഞ്ഞത് ആശ്വാസമാണെങ്കിലും തീവ്രതയില്‍ കുറവു വന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്.കര തൊടുമ്പോഴും കാറ്റിന് 185 കീമീ വരെ വേഗതയുണ്ടാവും എന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ദേശീയദുരന്തനിവാരണ സേനയുടെ വന്‍സംഘമാണ് ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നത്.നാവികസേനയുടെ ഡൈവര്‍മാരും പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ തയാറാണ്.

ഒഡീഷയിലെ പുരി, ഖുര്‍ദ, ജഗത്സിങ്പുര്‍, കട്ടക്, കേന്ദ്രപ്പാറ, ജജ്പുര്‍, ഗന്‍ജം, ഭന്ദ്രക്, ബാലസോര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതല്‍ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലും മഴ പെയ്യുന്നുണ്ട്. കൊല്‍ക്കത്ത നഗരവും അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.കരതൊട്ടശേഷം കാറ്റിന്റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും. അസം, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ല്യുആര്‍) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Top