സൈക്ലിങില്‍ ഡബിള്‍ എസ്.ആറായി അബ്ദുസമദിന് രണ്ടാം തവണയും രാജ്യാന്തര അംഗീകാരം

മലപ്പുറം: സൈക്ലിങില്‍ രാജ്യാന്തരതലത്തില്‍ ലഭിക്കുന്ന ദീര്‍ഘദൂര സൈക്കിള്‍ റൈഡര്‍ക്കുള്ള സൂപ്പര്‍ റെന്‍ഡനേര്‍ അംഗീകാരം രണ്ടാം തവണയും സ്വന്തമാക്കുകയെന്ന അപൂര്‍വ്വ നേട്ടവുമായി നിലമ്പൂരിന്റെ അബ്ദുല്‍സമദ്.

പാരീസ് ആസ്ഥാനമായ ഒഡാക്‌സ് ക്ലബിന്റെ് ലോകത്തിലെ മികച്ച ദീര്‍ഘദൂര സൈക്കിള്‍താരങ്ങളെ കണ്ടെത്താനുള്ള മത്സരത്തിലാണ് നിലമ്പൂരുകാരന്റെ ഇരട്ടനേട്ടം. 200, 300, 400, 600 കിലോ മീറ്റര്‍ റൈഡുകള്‍ നിശ്ചിത സമയപരിധിക്കകം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എസ്.ആര്‍ പദവി നല്‍കുക. ഇത്തരത്തില്‍ ഈ വര്‍ഷം രണ്ട് എസ്.ആര്‍ പദവിയെന്ന അംഗീകാരമാണ് നിലമ്പൂര്‍ ചാരംകുളത്തിലെ പോത്താല അബ്ദുസമദ് സ്വന്തമാക്കിയത്.

ടാക്‌സി ഡ്രൈവറായ അബ്ദുസമദ് വ്യായാമമെന്ന നിലയിലാണ് സൈക്കിള്‍ സവാരിയിലേക്കു തിരിഞ്ഞത്. മലിനീകരണമില്ലാതെ ശുദ്ധവായും ശ്വസിച്ചുകൊണ്ടുള്ള സൈക്കിള്‍യാത്ര പിന്നെ അഭിനിവേശമായി മാറി.

കൂട്ടുകാരില്‍ നിന്നറിഞ്ഞാണ് ദീര്‍ഘദൂര പ്രൊഫഷണല്‍ സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. സൈക്ലിങിലെ മികവു കണ്ടതോടെ കോഴിക്കോട്ടെ സൈക്ലിങ് ക്ലബായ കാലിക്കറ്റ് പെഡല്ലേഴ്‌സില്‍ അംഗത്വവും നല്‍കി. ഇതോടെ ഒഡാക്‌സ് ക്ലബിന്റെ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തില്‍ അബ്ദുസമദ് താരമായി. കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ പോയി കോഴിക്കോട്ട് മടങ്ങിയെത്തിയാണ് 200 കിലോ മീറ്റര്‍ ദൂരമെന്ന ആദ്യ കടമ്പ കടന്നത്. കോഴിക്കോട്ട് നിന്നും മലമ്പുഴയില്‍പോയി കോഴിക്കോട്ട് മടങ്ങിയെത്തുന്ന 300 കിലോ മീറ്റര്‍ മത്സരത്തിലും ജേതാവായി. കോഴിക്കോട്ടു നിന്നും കോയമ്പത്തൂരില്‍ പോയി കോഴിക്കോട്ട് മടങ്ങിയെത്തി 400 കിലോ മീറ്റര്‍ ദൂരവും കീഴടക്കി. കോയമ്പത്തൂര്‍ തുപ്പൂര്‍-കോയമ്പത്തൂര്‍ വെല്ലക്കോവില്‍ കോയമ്പത്തൂര്‍ 600 കിലോ മീറ്ററും പൂര്‍ത്തിയാക്കിയാണ് ആദ്യ എസ്.ആര്‍ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ വയനാട്ടില്‍ ലക്കിടിയില്‍ നിന്നും തുടങ്ങി ബാണാസുരസാഗര്‍ അണക്കെട്ട് ചുറ്റി മാനന്തവാടി തോല്‍പ്പെട്ടി വഴി ചൂണ്ടയിലെത്തി 200 കിലോ മീറ്ററിന്റെ ആദ്യ മത്സരം വിജയിച്ചു. കൊച്ചികായംകുളം-കൊച്ചി (300), കോയമ്പത്തൂര്‍ വെല്ലക്കോവില്‍ കോയമ്പത്തൂര്‍ ഭവാനി-കോയമ്പത്തൂര്‍ (400), കോയമ്പത്തൂര്‍-ട്രിച്ചി കോയമ്പത്തൂര്‍-ഭവാനി കോയമ്പത്തൂര്‍ (600) പിന്നിട്ട് രണ്ടാമതും എസ്.ആര്‍ നേട്ടം സ്വന്തമാക്കി. ഒരു വര്‍ഷം രണ്ട് എസ്.ആര്‍ നേട്ടം അപൂര്‍വ്വതയാണ്.

ദിവസവും രാവിലെ 50 കിലോ മീറ്ററാണ് അബ്ദുസമദിന്റെ സൈക്കിള്‍സവാരി. നിലമ്പൂരില്‍ നിന്നും മസിനഗുഡി വഴി ഏറെ പ്രയാസകരമായ ചെങ്കുത്തായ കയറ്റമുള്ള കല്ലട്ടിച്ചുരം വഴി ഊട്ടിയില്‍പോയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ നാടുകാണിചുരം വഴി ഊട്ടിയില്‍പോയി മടങ്ങും. പ്രകൃതിയെ അറിഞ്ഞ് ചുറ്റുപാടുകളും കണ്ടുള്ള സൈക്കിള്‍യാത്ര ഒരിക്കലും മടുക്കില്ലെന്നാണ് അബ്ദുസമദിന്റെ അനുഭവപാഠം.

Top