സൈബര്‍ സുരക്ഷയില്‍ മലയാളികള്‍ക്ക് അറിവ് കുറവ്, ഇത് മാറ്റേണ്ടത് അനിവാര്യം; ഡിജിപി

കൊച്ചി: സെബര്‍ സുരക്ഷയില്‍ മലയാളികള്‍ക്കുള്ള കുറഞ്ഞ അറിവാണ് ഈ രംഗത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. അതിനാല്‍ സൈബര്‍ സുരക്ഷയിലുള്ള അജ്ഞത മാറ്റാനായുള്ള പഠനങ്ങള്‍ നടത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍
ആരംഭിച്ച ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൈബര്‍ സുരക്ഷ- ഹാക്കിങ് കോണ്‍ഫറന്‍സായ കൊക്കൂണിന്റെ 12-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചയും നടക്കുന്നുണ്ടെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും പ്രാവര്‍ത്തികമാക്കണമെന്നും ജനങ്ങള്‍ക്ക് അറിയില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നടന്ന റൊമാനിയന്‍ തട്ടിപ്പ് കേസെന്നും ഡിജിപി വ്യക്തമാക്കി.

ജനങ്ങള്‍ സൈബര്‍ ഇടങ്ങള്‍ സുരക്ഷതിമാണെന്ന് വിശ്വസിക്കുന്നുവെങ്കിലും സുരക്ഷിതമല്ല. സൈബര്‍ ഇടങ്ങളിലെ സ്ത്രീകളുടേയും, കുട്ടികളുടേയും സുരക്ഷക്ക് പ്രധാന്യം നല്‍കിയാണ് 12-ാമത് കൊക്കൂണ്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റിയുടേയും, വെര്‍ച്വല്‍ റിയാലിറ്റിയുടേയും മാന്ത്രിക ലോകത്തേക്ക് കൊണ്ടു പോകുന്നതാണ് കൊക്കൂണിന്റെ പ്രത്യേകതയെന്ന് കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും , എഡിജിപി(ഹെഡ് കോര്‍ട്ടേഴ്സ്)യുമായ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. പോലീസില്‍ ഇനിയുള്ള സുരക്ഷക്ക് പ്രാധാന്യം നല്‍കി ഡ്രോണുകളെ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുന്നതും കൂടിയാണ് ഈ കൊക്കൂണിലെ ചര്‍ച്ചാ വിഷയം. വിമാനത്തിലും, ബാങ്കുകളിലും, വ്യാവസായിക രംഗത്തുപോലും ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ നടന്നു വരുന്നു. സൈബര്‍ സുരക്ഷ എന്നത് ഇന്ന് വെറും കെട്ടുകഥയാണ്. അത് മാറ്റാനാണ്‌ കൊക്കൂണ്‍ പോലുള്ള രാജ്യാന്തര സെമിനാറുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top