കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു; അജിത് ഡോവല്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും പേയ്‌മെന്റ് സൈറ്റുകളെയും ഉന്നതരുടെ അക്കൗണ്ടുകളെയും ഉന്നം വെച്ചാണ് ഇത്തരം തട്ടിപ്പു ശ്രമമുണ്ടായെന്ന് അദ്ദേഹം വെളിപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സിങ് അടക്കം സ്വതന്ത്രവും സ്വന്തവുമായ ഡിജിറ്റല്‍ ടൂളുകളുടെ അഭാവം വെല്ലുവിളിയായെന്നും അജിത് ഡോവല്‍ പറഞ്ഞു. കേരള പൊലീസ് സൈബര്‍ ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

പിഎം കെയര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സമാന സൈറ്റുകളുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. തുടര്‍ന്ന് സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ വലിയ ശ്രമം വേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെ സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കണം എന്നും അജിത് ഡോവല്‍ ഉപദേശിച്ചു.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ക്ക് നേരിട്ട് എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

Top