Cyber dome commander Hemant Joseph gets 5 lakh reward from google

തിരുവനന്തപുരം: ഐടി വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് രൂപീകരിച്ച സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖം ചുളിച്ചവര്‍ക്ക് ചുട്ട മറുപടി.

ഐജി മനോജ് എബ്രഹാം നോഡല്‍ ഓഫീസറായ സൈബര്‍ ഡോമിലെ കമാന്‍ണ്ടറായ ഹേമന്ദ് ജോസഫ് കണ്ടുപിടിച്ചത് ഗൂഗിള്‍ സെര്‍വറുകളിലെ ഗുരുതര പിഴവാണ്.

ഏതൊരു ക്ലൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാന്‍ ഇടയാക്കുന്ന ഗുരുതര പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയതിന് അഞ്ച് ലക്ഷം രൂപയാണ് (7,500 ഡോളര്‍) ഗൂഗിള്‍ വള്‍നാബിളിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഹേമന്ദിനെ തേടിയെത്തിയിരിക്കുന്നത്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിഴവ് പൂര്‍ണ്ണമായും പരിഹരിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്.

കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥിയായ പാലാ സ്വദേശി ഹേമന്ദ് ജോസഫ് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളില്‍ നിത്യ സാന്നിധ്യമാണ്.

പൊലീസ് സേനക്ക് പുറത്തുള്ള ഐടി വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയുണ്ടാക്കിയ സൈബര്‍ ഡോമിനെതിരെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ് ഹേമന്ദിന്റെ കണ്ടുപിടിത്തങ്ങള്‍.

നിലവിലുള്ള പൊലീസുകാര്‍ക്ക് ഐടി രംഗത്ത് വിദഗ്ധ പരിശീലനം നല്‍കുന്നതോടൊപ്പം തന്നെ ഐടി പ്രൊഫഷണലുകളെ സഹകരിപ്പിക്കാതെ സൈബര്‍ഡോം സാധ്യമാകില്ലെന്ന നിലപാടായിരുന്നു ഐജി മനോജ് എബ്രഹാം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക്. പൊലീസില്‍ ഐടി രംഗത്തെ വിദഗ്ധര്‍ ഇല്ലെന്നത് തന്നെയായിരുന്നു ഇതിന് പ്രധാന കാരണം.

ലോകത്തെ പല രാജ്യങ്ങളും സൈബര്‍ പൊലീസിനായി ഐടി രംഗത്ത് നിന്ന് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അത് പ്രാവര്‍ത്തികമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഐടി വിദഗ്ധരായ ചെറുപ്പക്കാരെ കൂടി ഉള്‍പ്പെടുത്തി കേരളം സൈബര്‍ ഡോം രൂപീകരിച്ചിരുന്നത്.

സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് നടന്ന അന്താരാഷ്ട്ര സൈബര്‍ സമ്മേളനത്തില്‍ (കോകൂണ്‍) രാജ്യത്തിനകത്തും പുറത്തുമുള്ള ഐടി വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നു.

പുതിയ കാലത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിപക്ഷവും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതായതിനാല്‍ സൈബര്‍ രംഗത്ത് പൊലീസിന് നേരിടേണ്ടി വരുന്നത് വന്‍ വെല്ലുവിളിയാണ്.

സൈബര്‍ ഡോമിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ പ്രധാനിയായ ഹേമന്ദ് മുന്‍പ് ട്വിറ്റര്‍,യാഹു,ബ്ലാക്കബെറി,മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാട്ടി ശ്രദ്ധേയനായിട്ടുണ്ട്.

അമേരിക്കയിലെ ടെലികോം ഭീമനായ എടി ആന്‍ഡ് ടിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ഹേമന്ദ് ബോധ്യപ്പെടുത്തിയത് പതിനേഴാം വയസ്സിലാണ്.

ഇതിന് പ്രതിഫലമായി ലഭിച്ചതാകട്ടെ 5000 ഡോളറും. പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാക്കളായ പെബിളും ഈ മിടുക്കനോട് ഏറെ കടപ്പെട്ടിരിക്കുന്നു.

വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലഭിച്ചാല്‍ ലോകത്തെവിടെയിരുന്നും വാച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുമെന്നായിരുന്നു ഹേമന്ദിന്റെ വാദം.

ഇപ്പോള്‍ പോലും പെബിളിന്റെ പുത്തന്‍സോഫ്റ്റ്‌വെയറുകളും ഗാഡ്‌ജെറ്റുകളും സുരക്ഷാപരിശോധനക്കായി ഹേമന്ദിന് അയച്ച് കൊടുക്കാറുണ്ട്.

ഇത്തരത്തിലുള്ള നിരവധി മിടുക്കന്മാരും മിടുക്കികളുമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഒരുഭാഗം സൈബര്‍ഡോമിനായി നീക്കിവച്ച് സൈബര്‍ കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസുമായി സഹകരിക്കുന്നത്.

Top