ഇസ്രായേലിലെ എമര്‍ജന്‍സി ഫോണ്‍ സര്‍വിസിന് നേരെ സൈബര്‍ ആക്രമണം

തെല്‍ അവീവ്: ഇസ്രായേലിലെ എമര്‍ജന്‍സി ഫോണ്‍ സര്‍വിസിന് നേരെ സൈബര്‍ ആക്രമണം. സേവനം മണിക്കൂറുകളോളം തടസ്സപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേലിന്റെ ദേശീയ അടിയന്തര ആരോഗ്യ, ദുരന്തനിവാരണ, ആംബുലന്‍സ്, രക്ത ബാങ്ക് സേവനമായ മാഗന്‍ ഡേവിഡ് അഡോം (എം.ഡി.എ), പാരാമെഡിക്കല്‍, അഗ്‌നിശമന സേന ഉള്‍പ്പെടെയുള്ള നിരവധി എമര്‍ജന്‍സി ഫോണ്‍ നമ്പറുകളാണ് ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായത്.

‘സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിലെ എമര്‍ജന്‍സി സേവനങ്ങളായ മാഗന്‍ ഡേവിഡ് അഡോം (എം.ഡി.എ), പൊലീസ്, അഗ്‌നി രക്ഷാ സേന എന്നിവയെല്ലാം തകരാറിലായിരിക്കുകയാണ്’ -ജറുസലേം പോസ്റ്റ് വാര്‍ത്തയില്‍ പറഞ്ഞു. ഏറെനേരത്തെ പ്രയത്‌നത്തിന് ശേഷം ഇവ പുനഃസ്ഥാപിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവം സ്ഥിരീകരിച്ച് സേവന ദാതാക്കളായ ബെസെക് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയും രംഗത്തുവന്നു. തങ്ങളുടെ എഞ്ചിനീയര്‍മാര്‍ എല്ലാ സേവനങ്ങളും പൂര്‍വസ്ഥിതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

Top