സൈബര്‍ ആക്രമണം; നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ നൂറോളം കമ്പ്യൂട്ടറുകള്‍ ഹാക്ക്‌ചെയ്തു

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിന് ഇരയായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍(എന്‍. ഐ.സി).
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരുടെയും ദേശീയ സുരക്ഷ പോലെ നിര്‍ണായക വകുപ്പുകളുടെയും പൗരന്മാരുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഐ. ടി സേവനങ്ങളുടെ സിരാകേന്ദ്രവുമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ നൂറോളം കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്.

ഈ മാസം ആദ്യമാണ് സൈബര്‍ ആക്രമണം നടന്നതെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളില്‍ ശേഖരിച്ചിരുന്നു.അജിത് ഡോവലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ഇതോടെ രാജ്യത്തിന്റെ സൈബര്‍ സെക്യൂരിറ്റിയെ പറ്റിയും ആശങ്ക പരന്നിരിക്കുകയാണ്. ഇമെയില്‍ വഴിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഡല്‍ഹിയില്‍ ഐ. ടി ഇലക്ട്രോണിക്സ് മന്ത്രാലയത്തിലെ ഒരു ജീവനക്കാരന് ബംഗളുരുവിലെ ഒരു ഐ.ടി കമ്പനിയുടെ പേരില്‍ വന്ന ഇ -മെയില്‍ തുറന്നപ്പോള്‍ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിവരം.ഇ- മെയില്‍ തുറക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാക്കിംഗ് സംശയം ബലപ്പെട്ടത്.

Top