എയിംസിലെ സെർവർ ഹാക്കിംഗ്: സെർവറിൽ പ്രധാനമന്ത്രിയടക്കം വിവിഐപികളടക്കം വിവരങ്ങൾ

ദില്ലി: എയിംസ് സെർവർ ഹാക്കിംഗിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. റോയും അന്വേഷണം നടത്തിയേക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സെർവറുകൾ പുനസ്ഥാപിക്കാൻ ഇനിയും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം .

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ സർവറുകൾ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയാകുമ്പോൾ ആണ് ദേശീയ ഏജൻസികൾ ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. സെർവർ ഹാക്ക് ചെയ്യപ്പെട്ടതോടെ നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങൾ എയിംസിലുണ്ട്. വാക്സീൻ പരീക്ഷണത്തിൻറെ നിർണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സെർവർ തകരാർ എന്നാണ് ആദ്യം എയിംസ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും സംഭവത്തിൻറെ ഗൗരവം കൂടുതൽ ബോധ്യമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രാഥമികാന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ സൈബർ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തിൽ കൂടുതൽ ഏജൻസികളെ കേന്ദ്രസർക്കാർ അന്വേഷമം ഏൽപിക്കുകയായിരുന്നു.

ആ ദിശയിൽ എൻഐഎ പ്രാഥമികാന്വേഷണം തുടങ്ങി കഴിഞ്ഞു. റോ കൂടി അന്വേഷണത്തിൻറെ ഭാഗമാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. സംഭവം കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ആയുധമാക്കി.രാജ്യത്തെ സുപ്രധാന ആശുപത്രിയുടെ സർവർ ഒരാഴ്ചയായിട്ടും പുനസ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് കേന്ദ്രസർക്കാർ സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നാഷണൽ ഇൻഫർമാറ്റിക്സ് സെൻറററും, ദ ഇന്ത്യ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമും അന്വേഷണം നടത്തുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതിനാൽ പകുതിയിലേറെ വിവരങ്ങൾ നഷ്ടപ്പെടാമെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടെന്ന പ്രചാരണം ദില്ലി പോലീസ് തള്ളി. സർവറുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് വരികയാണെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം. നിർണ്ണായക വിവരങ്ങൾ ചോർന്നോയെന്നതിൽ ആശുപത്രി അധികൃതർ പ്രതികരിക്കുന്നില്ല.

Top