നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം; ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കസബ വിവാദത്തെ തുടര്‍ന്ന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചിരുന്നു.

സംഭവത്തില്‍ കേസെടുത്ത എറണാകുളം സൗത്ത് പൊലീസാണ് ഇയാളെ കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വടക്കഞ്ചേരി സ്വദേശി പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഭീഷണി മുഴക്കിയവരുടെ പേരുകളും ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നെന്നും പരാതിയില്‍ പറയുന്നു.

Top