ഫോണില്‍ കൃതിമം നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്താമെന്ന് സൈബര്‍ വിദഗ്ധര്‍

ദിലീപടക്കമുള്ള പ്രതികളുടെ ഫോണ്‍ ലഭിച്ചാലും അതിലെ പ്രധാനപ്പെട്ട തെളിവുകള്‍ക്ക് മുകളില്‍ മറ്റേതെങ്കിലും ഡാറ്റ സൂപ്പര്‍ ഇംപോസ് ചെയ്താല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് സൈബര്‍ വിദഗ്ധര്‍. സാധാരണ ഗതിയില്‍ ഏത് ഫോണാണെങ്കിലും നാലോ അഞ്ചോ വര്‍ഷം മുമ്പുള്ള ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ ഏത് ഡാറ്റയാണ് കേസില്‍ തെളിവാകുക എന്ന് കൃത്യമായി കണ്ടെത്തി അത് മുകളില്‍ മറ്റെന്തെങ്കിലും ഡാറ്റ ഇംപോസ് ചെയ്താല്‍ പഴയ ഡാറ്റ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാട് മീഡിയ വണ്‍ ചാനലിനോട് പ്രതികരിച്ചു.

പഴയ ഡാറ്റയെ മായ്ച്ച് കളയുന്ന രീതിയില്‍ പുതിയ ഡാറ്റ ഇവിടെ സൂപ്പര്‍ ഇംപോസ് ചെയ്യാന്‍ ഒരു സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ കഴിയും. കൃത്രിമം നടത്താന്‍ വളരെ കുറഞ്ഞ സമയം മാത്രം മതി. എന്നാല്‍ പഴയ ഡാറ്റ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും അവിടെ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സാധിക്കും. സ്വപ്ന കേസിലും ഇതുപോലെ നടന്നിട്ടുണ്ട്. ഈ കേസില്‍ സിസിടിവി പിടിച്ചെടുത്തപ്പോള്‍ സ്വപ്ന സ്വര്‍ണം കൈമാറുന്നതിന്റെ തെളിവ് നശിപ്പിച്ചിരുന്നു.

ഇത് കണ്ടെത്താനായിട്ടില്ലെങ്കിലും അവിടെ കൃത്രിമം നടത്തിയതായി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ പരിശോധിച്ച് തെളിവുകള്‍ കണ്ടെത്താന്‍ സാധാരണ ഗതിയില്‍ ഒന്നോ രണ്ടോദിവസം മാത്രം മതി. എന്നാല്‍ കോടതി ഫോണിലെ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തിരുവനന്തപുരത്തോ ഹൈദരബാദിലെയോ ഫൊറന്‍സിക് ഓഫീസിലേക്ക് പരിശോധനക്ക് അയച്ച് തിരികെയെത്താന്‍ ചിലപ്പോള്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുത്തേക്കാമെന്നും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top