മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; പരാമര്‍ശം ലൈംഗിക ചുവയുള്ളത്

DGP Loknath Behera

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമെന്ന് വിലയിരുത്തി കേസ് റജിസ്റ്റര്‍ ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി, ഐടി ആക്ട് ചുമത്തി അന്വേഷണം തുടരും. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ച് 24 മണിക്കൂറിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുകയെന്ന നിര്‍ദേശത്തോടെയാണ് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. ചില കേന്ദ്രങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം വര്‍ധിക്കുന്നൂവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഡിജിപി എടുത്തു പറയുന്നു. ഈ സാഹചര്യത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിര്‍ദേശത്തോടെയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീനെ നോഡല്‍ ഓഫീസറായി നിശ്ചയിച്ചത്.

സൈബര്‍ സെല്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, ഹൈടെക് സെല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ വിമര്‍ശനവും ചോദ്യങ്ങളും ഉന്നയിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേപ്പോലും ആക്ഷേപിച്ചുകൊണ്ടുള്ള അതിക്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയത്. മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അതിക്രമത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Top