സയനൈഡ് കുപ്പികള്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ചെന്ന് ജോളി; പരിശോധന തുടര്‍ന്ന് പൊലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. കൊലപാതകത്തിനായി ജോളി ഉപയോഗിച്ച സയനൈഡിന്റെ ശേഷിക്കുന്ന ഭാഗം കണ്ടെത്തുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം.

സയനൈഡ് കുപ്പികള്‍ മാലിന്യക്കുഴിയിലുണ്ടെന്ന് ജോളി പറഞ്ഞു. അത് കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന തുടരുകയാണ്.വീടിന്റെ പിന്നിലെ മാലിന്യക്കുഴിയിലാണ് സയനൈഡ് ഉപേക്ഷിച്ചിരിക്കുന്നത്. കുപ്പി കണ്ടെത്തുന്നത് കേസില്‍ നിര്‍ണായകമാകും. പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുകയെന്നതാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. അതേസമയം, ജോളിയുടെ മൊബൈല്‍ ഫോണുകള്‍ മകന്‍ റോമോ പൊലീസിന് കൈമാറി.

അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ താന്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്. നാല് പേരെ കൊന്നത് സയനൈഡ് നല്‍കിയാണെന്നും
ജോളി മൊഴി നല്‍കി. അന്നമ്മക്ക് കീടനാശിനി നല്‍കിയാണ് കൊന്നത്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയത് ഓര്‍മയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞിരുന്നു.

Top