സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍ ; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ശിവശങ്കറിന്റെ വിദേശയാത്രകള്‍ അടക്കമുള്ള രേഖകളും അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാനും തീരുമാനമായി. പണം കൈമാറ്റം വിദേശത്ത് നടന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന് വിവരം. ഇ ഫയലിങ് മുഖാന്തരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. താന്‍ നിരപരാധിയാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയത്. തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി വൈകി സമര്‍പ്പിച്ചതിനാല്‍ ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ ഹര്‍ജി ഉള്‍പ്പെട്ടിട്ടില്ല.

വെള്ളിയാഴ്ചയാകും ഹര്‍ജി കോടതിയുടെ പരിഗണനയിലെത്തുക. അതേസമയം കേസില്‍ സ്വപ്നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ച് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

സരിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിരവധി തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ പിടിയിലായ സരിത്താണ് സ്വര്‍ണക്കടത്തിലെ പ്രധാനിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഒപ്പം സ്വപ്നയ്ക്കും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് വിവരം.

Top