അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനായിരുന്ന ജയ്‌ഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ജയ്‌ഘോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ജയഘോഷിന്റെ മൊഴിയെടുത്തു.

മജിസ്‌ട്രേറ്റാണ് ജയഘോഷിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടെന്നും ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നല്‍കിയെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞ ദിവസമാണ് ജയ്‌ഘോഷിന്റെ കൈ മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയ്‌ഘോഷ് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്‌ഘോഷ് പോലീസിനോട് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ജയ്‌ഘോഷ് പോലീസിനോട് പറഞ്ഞതായാണ് വിവരം.

വ്യാഴാഴ്ച രാത്രിയാണ് ഗണ്‍മാനെ കാണാതായത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്പയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായത്.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്‌ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ജയ്ഘോഷ്. മൂന്ന് വര്‍ഷമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഗണ്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ജയ്ഘോഷുമായി ഫോണില്‍ ബന്ധപ്പെട്ടതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്.

Top