സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നീക്കം. ഇരുവരെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നിയമോപദേശം തേടി. സ്വപ്നയും സരിത്തും നല്‍കിയ കുറ്റസമ്മത മൊഴികള്‍ സുപ്രധാന തെളിവായി കണക്കാക്കും. മാപ്പുസാക്ഷികളാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധിരകാരമാണെന്നാണ് കസ്റ്റംസിന്റെ വിശദീകരണം.

കേസില്‍ ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ള പ്രതികളെ ഇതുവരെയും പിടികൂടാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ഇതുസംബന്ധിച്ച് നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന വഴിത്തിരിവുണ്ടാകുന്നത് തന്നെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ സരിത്തിന്റെ അറസ്റ്റോടെയാണ്. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ് എന്ന് സരിത്താണ് വെളിപ്പെടുത്തിയത്. നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് പറഞ്ഞിരുന്നു. യുഎഇയില്‍ നിന്ന് സ്വര്‍ണം വ്യാജ മുദ്രകളുടെ സഹായത്തോടെ തിരുവനന്തപുരത്തെത്തിച്ചത് ഫൈസല്‍ ഫരീദാണ്. ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Top