വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത്: അറസ്റ്റിലായ കസ്റ്റംസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

കൊച്ചി: ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തിയ കേസിലെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി അറസ്റ്റിലായ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ഡല്‍ഹി സ്വദേശി രാഹുല്‍ പണ്ഡിറ്റിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെയാണ്‌ സസ്‌പെന്റ് ചെയ്തത്.

രാഹുലിനെ സഹായിച്ചുവെന്ന് കരുതുന്ന നാലു പേര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ പ്രിവന്റീവ് വിഭാഗത്തില്‍ ജോലിചെയ്തുവന്ന രാഹുല്‍, കുറച്ചുകാലമായി സംശയത്തിന്റെ നിഴലിലായിരുന്നു. അന്വേഷണ നടപടികളുടെ ഭാഗമായി പലതവണ ഇയാളെ, ബന്ധപ്പെട്ട പല വകുപ്പുകളിലേക്കും മാറ്റിയിരുന്നു.

കഴിഞ്ഞയാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 കിലോയിലധികം സ്വര്‍ണം പിടിച്ച കേസിന്റെ തുടരന്വേഷണം ഇയാളിലേക്കാണ് എത്തിയത്. ഇതിനെത്തുടര്‍ന്നാണ് കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ആണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Top