സംഘപരിവാര്‍ ചാനല്‍ തലവന് കസ്റ്റംസ് നോട്ടീസ് . . . !

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി ചാനലായ ജനം ടിവി തലവന്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററോട് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശാഭിമാനിയാണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച തന്നെ ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് പിടികൂടി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി സ്വപ്ന സുരേഷുമായി അനല്‍ നമ്പ്യാര്‍ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ തന്നോട് നിര്‍ദേശിച്ചുവെന്ന് സ്വപ്ന മൊഴിയും നല്‍കിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്ന പരാമര്‍ശിച്ചിട്ടുള്ളത്.

സ്വപ്നയെ വിളിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോള്‍ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനില്‍ നില്‍കിയ വിശദീകരണം. എന്നാല്‍ സ്വര്‍ണം പിടിച്ച ദിവസം അത്തരമൊരു വാര്‍ത്ത ജനം ടിവിയില്‍ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു.

അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് ആ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാകുന്നതും ഒളിവില്‍ പോകുന്നതും.സൂര്യാ ടിവിയില്‍ ജോലി ചെയ്യുമ്പോള്‍ അന്ന് മന്ത്രിയായിരുന്ന കെ വി തോമസിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലും അനില്‍ നമ്പ്യാര്‍ പ്രതിയായിരുന്നു.

Top