പാക്കിസ്ഥാന്‍ ഇപ്പോള്‍ ‘പത്മവ്യൂഹത്തില്‍’ വ്യാപാര രംഗത്തും പ്രഹരമേല്‍പ്പിച്ച് ഇന്ത്യ !

ന്യൂഡല്‍ഹി: സൈനികമായി മാത്രമല്ല, സാമ്പത്തികമായും പാക്കിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യയുടെ ശക്തമായ നീക്കം. സൈനികമായ തിരിച്ചടിക്ക് അണിയറയില്‍ തിരക്കിട്ട നീക്കങ്ങളും തന്ത്രങ്ങളും ആവിഷക്കരിക്കുമ്പോള്‍ തന്നെ സാമ്പത്തികമായും നശിപ്പിച്ച് കളയാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്.

2018 ഫെബ്രുവരിയില്‍ പാക്കിസ്ഥാനെ ‘തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടിക’യിലെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടി ശക്തമായി തുടരും. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണു എഫ്എടിഎഫ് പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താന്‍ നേരത്തെ സമ്മര്‍ദം ചെലുത്തിയിരുന്നത്. ഈ ഉപരോധം നീക്കാന്‍ ചൈന നടത്തുന്ന നീക്കത്തെ ഇന്ത്യയും പ്രതിരോധിക്കും

തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചെന്നു രാജ്യാന്തര സമൂഹത്തെ ബോധിപ്പിക്കാനായാലേ പാക്കിസ്ഥാന് ഇനി ഗ്രേ പട്ടികയില്‍നിന്നു ഒഴിവാകാന്‍ സാധിക്കുകയുള്ളു. ഭീകരവാദത്തിന്റെ പേരില്‍ പല വ്യാപാര ഇടപാടുകളിലും യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ളവ പാക്കിസ്ഥാനെ വിലക്കിയിട്ടുണ്ട്.

പാക്കിസ്ഥാനുള്ള സഹായങ്ങള്‍ നിര്‍ത്താന്‍ അമേരിക്കയും തീരുമാനിച്ചിട്ടുണ്ട്. ഭീകരസംഘങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായവും അവയുടെ ആസ്തികളും മരവിപ്പിക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും യുഎസ് വ്യക്തമാക്കി. പാരിസില്‍ നടക്കുന്ന എഫ്എടിഎഫ് യോഗത്തില്‍ പാക്കിസ്ഥാനെതിരെയുള്ള വിശദമായ രേഖകള്‍ ഇന്ത്യ കൈമാറും. പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള സഹായം പാക്കിസ്ഥാന് നഷ്ടമാകും.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനുള്ള ഇന്ത്യയുടെ ആദ്യ നീക്കമായിരുന്നു വ്യാപാരമേഖലയില്‍ പാക്കിസ്ഥാനുള്ള അഭിമതരാജ്യ പദവി പിന്‍വലിക്കല്‍. 1996ല്‍ ആണ് പാക്കിസ്ഥാന് ഇന്ത്യ എംഎഫ്എന്‍ പദവി നല്‍കിയത്. ലോകവ്യാപാരസംഘടനയിലെ (ഡബ്ല്യുടിഒ) അംഗരാജ്യങ്ങള്‍ പരസ്പരം നല്‍കുന്നതാണ് അഭിമതരാജ്യ പദവി.

പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ചുങ്കമാണ് ഇന്ത്യ കുത്തനെ ഉയര്‍ത്തിയത്. 200 ശതമാനമാണ് ഇറക്കുമതി ചുങ്കം കൂട്ടിയത്. ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെ ബാധിക്കുന്ന നടപടിയാണിത്.

രാജ്യാന്തര തലത്തില്‍ നയതന്ത്രപരമായി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. വ്യാപാരമേഖലയില്‍ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി (മോസ്റ്റ് ഫേവേഡ് നേഷന്‍ എംഎഫ്എന്‍) പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭാ സുരക്ഷാകാര്യ സമിതി (സിസിഎസ്) നേരത്തെ തീരുമാനിച്ചു. അതിനു പിന്നാലെയാണ് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി 200 ശതമാനം കൂട്ടിയത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇതുവരെ 200 കോടി ഡോളറിന്റെ കയറ്റിറക്കുമതിയാണുണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ പാക്കിസ്ഥാന്റെ വ്യവസായ മേഖല കാര്യമായി തന്നെ തളരും എന്നാണ് വിലയിരുത്തപ്പെടുന്നത്. പഴങ്ങള്‍, സിമന്റ്, തുകല്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. പരുത്തി, ഡൈ, രാസവസ്തുക്കള്‍, പച്ചക്കറി, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയാണ് ഇന്ത്യയുടെ കയറ്റുമതി ഉത്പ്പന്നങ്ങള്‍.

അതേസമയം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന് സൈനികമായി തിരിച്ചടി നല്‍കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

Top