സ്വപ്‌നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് എന്‍.ഐ.എ. കോടതി അനുമതി നല്‍കി.

കേസില്‍ അറസ്റ്റിലായ സ്വപ്നയുടെയും സന്ദീപിന്റെയും എന്‍.ഐ.എ. കസ്റ്റഡി ഇന്ന് അവസാനിരിക്കെ ഇരുവരേയും കൊച്ചിയിലെ എന്‍.ഐ.എ. കോടതിയിലെത്തിച്ചിട്ടുണ്ട്. കോടതി നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇരുവരേയും അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് കസ്റ്റംസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

ഇരു പ്രതികളും സമര്‍പ്പിച്ച ജാമ്യഹര്‍ജിയും എന്‍ഐഎ കോടതി പരിഗണിക്കും. കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം, സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചന.

Top