സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ 11 മണിയോടെ പ്രതികളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും.

നേരത്തെ പത്ത് ദിവസം എന്‍ഐഎ യും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സ്വപ്നയുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് തിരുവനന്തപുരത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയ്ക്ക് മൊഴി നല്‍കി.

എന്നാല്‍ ഈ ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണവും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ സ്വന്തമാക്കിയതാണെന്നാണ് സ്വപ്ന എന്‍ഐഎയ്ക്കു മുമ്പില്‍ അവകാശപ്പെട്ടത്. തിരുവനന്തപുരം നഗരത്തിലെ രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്നാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോയിലേറെ സ്വര്‍ണവും എന്‍ ഐ എ കണ്ടെത്തിയിരുന്നു. സ്വപ്നയുടെയും നഗരത്തിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിയും പേരിലായിരുന്നു ലോക്കറുകള്‍. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് മൊഴിയെടുത്തത്.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്നയ്‌ക്കൊപ്പം ബാങ്ക് ലോക്കര്‍ തുറന്നതെന്നാണ് ഇദ്ദേഹം എന്‍ഐഎയ്ക്കു നല്‍കിയ വിശദീകരണം. മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. യുഎഇ കോണ്‍സുല്‍ ജനറലുമായി ചേര്‍ന്ന് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ലഭിച്ച പണവും സ്വര്‍ണവുമാണ് ഇതെന്ന് സ്വപ്നയും മൊഴി നല്‍കി. ഇതിനിടെ കേസിലെ പ്രധാന കണ്ണി കെടി റമീസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു.

Top