കസ്റ്റഡി കൊലപാതകം; മുന്‍ എസ്പിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാര്‍ച്ച്

cpi

ഇടുക്കി: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി സിപിഐ. രാജ്കുമാര്‍ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി മുന്‍ എസ്പി കെ.ബി.വേണുഗോപാലിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മുന്‍ എസ്പിക്ക് പുറമേ കട്ടപ്പന ഡിവൈഎസ്പിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.

ഭരണകക്ഷിയിലെ രണ്ടാം കക്ഷിയായ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, ഇ.എസ്.ബിജിമോള്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്കുമാറിനെ ഉരുട്ടിക്കൊന്ന സംഭവത്തില്‍ എസ്പിക്കും കട്ടപ്പന ഡിവൈഎസ്പിക്കും വലിയ പങ്കുണ്ടെന്നാണ് സിപിഐയുടെ നിലപാട്. എസ്പി അറിയാതെയല്ല പൊലീസുകാര്‍ മര്‍ദ്ദനം നടത്തിയത്. നാല് ദിവസം നെടുങ്കണ്ടം പൊലീസിന്റെ കസ്റ്റഡിയില്‍ രാജ്കുമാര്‍ ക്രൂരപീഡനം ഏല്‍ക്കുകയാണെന്ന് എസ്പിക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടിട്ടും എസ്പിയെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുകയാണെന്നാണ് സിപിഐയുടെ വിമര്‍ശനം.

ഇടുക്കി പൊലീസ് മേധാവി എന്ന പദവിയില്‍ നിന്നും എസ്പിയെ മാറ്റിയപ്പോള്‍ പകരം ചുമതല നല്‍കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭീകരവിരുദ്ധ സ്‌ക്വാഡിലേക്ക് എസ്പിയെ സ്ഥലംമാറ്റി കേസില്‍ നിന്നും രക്ഷപെടുത്തുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കേസിലെ പ്രധാന കണ്ണിയായ എസ്പിക്ക് ചെറിയ ശിക്ഷയാണ് സ്ഥലംമാറ്റത്തിലൂടെ ലഭിച്ചതെന്നും സിപിഐ ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു.

Top