കസ്റ്റഡി മരണം; പൊലീസുകാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോക്ടര്‍മാരുടെ മൊഴി

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി. രാജ്കുമാറിനെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് പൊലീസുകാര്‍ അറിയിച്ചതെന്ന് ഡോക്ടര്‍മാരുടെ മൊഴിയില്‍ പറയുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിയിലെ ഡോക്ടര്‍മാരായ പദ്മദേവ്, വിഷ്ണു എന്നിവരാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ജൂണ്‍ 16 തീയതിയാണ് രാജ്കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രാജ്കുമാറിനെ 20 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വച്ചുവെന്നും പ്രതിയുടെ കാലില്‍ നീരുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഓടിച്ചിട്ട് പിടിക്കുന്നതിനിടെ കുഴിയില്‍ വീണപ്പോഴാണ് രാജ്കുമാറിന്റെ നട്ടെല്ലിന് പരിക്കേറ്റതെന്നാണ് പൊലീസുകാര്‍ പറഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം അവശനായിരുന്നുവെന്നും ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്കുമാറിന് ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കാതെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപേയതെന്നും മൊഴിയില്‍ പറയുന്നു.

Top