നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം

തൊടുപുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ ക്രൂരമര്‍ദനത്തിനിരയായി പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി (എസ്പി) കെ.ബി.വേണുഗോപാലിനു സ്ഥലംമാറ്റം. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പിയായാണ് പുതിയ നിയമനം. മലപ്പുറം എസ്.പി ടി.നാരായണനാണ് ഇടുക്കിയിലെ പുതിയ എസ്പി. അബ്ദുല്‍ കരീം മലപ്പുറം എസ്പിയാകും.

മരിച്ച രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ 4 ദിവസം കസ്റ്റഡിയില്‍ വച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്‌ഐ കെ.എം.സാബു ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ‘2 ദിവസം കൂടി കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എസ്പി കെ.ബി.വേണുഗോപാല്‍ നിര്‍ദേശം നല്‍കി, രാജ് കുമാര്‍ കസ്റ്റഡിയിലുള്ള വിവരം റേഞ്ച് ഡിഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞു, പരാതിക്കാരുടെ പണം കണ്ടെത്തുന്നതിനാണു കുമാറിനെ കസ്റ്റഡിയില്‍ വച്ചത്, കുമാറിന്റെ ഫോട്ടോ എസ്പി ഉള്‍പ്പെടെയുള്ളവരുടെ വാട്‌സാപ്പില്‍ കൊടുത്തിരുന്നു.’ എന്നായിരുന്നു കെ.എം.സാബുവിന്റെ മൊഴി.

കസ്റ്റഡി മരണ കേസില്‍ ഒരു എഎസ്‌ഐയും പൊലീസ് ഡ്രൈവറും കൂടി ഉടന്‍ അറസ്റ്റിലാകും. ഒന്നാം പ്രതി എസ്‌ഐ കെ.എം.സാബു, നാലാം പ്രതി ഡ്രൈവര്‍ സജീവ് ആന്റണി എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഈ 4 പേര്‍ ചേര്‍ന്ന് കുമാറിനെ ക്രൂരമായി മര്‍ദിച്ചെന്ന് ക്രൈം ബ്രാഞ്ച് പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Top