ശ്രീജീത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Sreejith-

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹന്‍ദാസാണ് കത്തയച്ചത്.

അതേസമയം ശ്രീജിത്തിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കമ്മിഷന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

വീടാക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഏപ്രില്‍ ഒമ്പതിനാണ് മരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനേറ്റ് ചെറുകുടല്‍ തകര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു. തങ്ങള്‍ ശ്രീജിത്തിനെ പിടികൂടി കൈമാറുമ്പോള്‍ ശ്രീജിത്തിന് അവശതയോ ദേഹത്ത് പരിക്കോ ഉണ്ടായിരുന്നില്ലെന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പൊലീസുകാരും പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

കേരളാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Top