പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച കേസ്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും

കണ്ണൂർ: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ എസ്പി യോട് ഇന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. കേസിൻ്റെ വിശദാംശങ്ങളും പോലീസ് നടപടികളും ചൂണ്ടി കാണിച്ചുള്ള റിപ്പോർട്ടാകും എസ് പി നൽകുക.

അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വടകര പോലീസ് സ്റ്റേഷനിലെ രേഖകൾ ഇന്ന് ശേഖരിക്കും. നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് കസ്റ്റഡിയിൽ എടുക്കുക. സജീവന്റെ അമ്മയുടെയും ബന്ധുക്കളുടെ മൊഴി രേഖപെടുത്തും. സജീവൻ ഉൾപ്പടെ ഉള്ളവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാകാൻ ബാറിലെ ജീവനക്കാരുടെ മൊഴിഎടുക്കും. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. സസ്പെൻഷനിലുള്ള എസ്.ഐ എം. നിജേഷ്, എഎസ്ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരെ ഇത് വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇന്ന് കൂടി ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരായില്ലെങ്കിൽ എസ്‌ഐ ഉൾപ്പടെ ഉള്ളവർക്ക് സിആർപിസി 160 പ്രകാരം നോട്ടീസ് അയക്കാനാണ് നീക്കം.

Top