പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സിബിഐ കുറ്റപത്രം നല്‍കി. കഞ്ചാവ് കേസില്‍ പിടികൂടിയ രഞ്ജിത്തിനെ മര്‍ദ്ദിച്ച് കൊന്നു എന്നാണ് കേസ്. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും സിബിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ്, ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സാനു എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ. പാവട്ടറി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍, ചാവക്കാട് തഹസില്‍ദാര്‍ സന്ദീപ് എന്നിവര്‍ക്കെതിരെയും നടപടി ശുപാര്‍ശയുണ്ട്.

ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിന് മര്‍ദ്ദനമേറ്റെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Top