പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ആയി അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

ഗ്രീഷ്മയുടെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുടെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പ്രതികളെ ഹാജരാക്കുമ്പോൾ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരായിരുന്നില്ല.

കേസ് തമിഴ്‌നാടിന് കൈമാറണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് ഉപദേശം തേടിയേക്കും. കേരള പൊലീസ് കേസ് അന്വേഷണം നടത്തുന്നതിൽ തടസമില്ലെന്നാണ് നിലവിൽ ലഭിച്ച നിയമോപദേശം. എന്നാൽ കേസിന്റെ വിചാരണ സമയത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

Top