കൊച്ചി: നാല് പേര്‍ മരിച്ച കളമശ്ശേരി കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണം സുതാര്യമല്ല. സര്‍വകലാശാല, സ്‌കൂള്‍ നേതൃത്വങ്ങള്‍ക്ക് ദുരന്തത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കെ എസ് യുവിന്റെ ആക്ഷേപം. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചു.
ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനവും കെ എസ് യു സംസ്ഥാന പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ തുറന്നു കാട്ടുന്നു.
കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തിലെ സര്‍വ്വകലാശാല ക്യാമ്പസിലുണ്ടായ ആദ്യ സ്റ്റാമ്പിഡ് വിഷയമെന്ന ഗൗരവത്തോടെ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.