കുസാറ്റ് ദുരന്തം; ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരം

കളമശ്ശേരി: കുസാറ്റിലെ ദുരന്തത്തില്‍ പരുക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബ, കായംകുളം സ്വദേശിനി ഗീതാഞ്ജലി എന്നിവര്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരുക്കേറ്റത്. അതേസമയം പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 18 പേരില്‍ 16 പേരെയും ഡിസ്ചാര്‍ജ് ചെയ്തു. 2 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കുസാറ്റിലെ എന്‍ജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സര്‍വകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ അതുല്‍ തമ്പി , സാറ തോമസ്, ആന്‍ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആല്‍ബിന്‍ തോമസുമാണ് മരിച്ചത്. മരിച്ച നാല് പേരുടെയും പോസ്റ്റ്മോര്‍ട്ടം ഉടന്‍ പൂര്‍ത്തിയാക്കും. ഒരേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുന്‍പായി മൃതദേഹങ്ങള്‍ വിട്ടു നല്‍കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുസാറ്റില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

Top