കുസാറ്റ് ദുരന്തം; പരുക്കേറ്റവരില്‍ ഇനി ചികിത്സയില്‍ ഉള്ളത് 9 പേര്‍ മാത്രം, ആരോഗ്യനില തൃപ്തികരം

കൊച്ചി: കുസാറ്റ് അപകടത്തില്‍ പരുക്കേറ്റവരില്‍ ഇനി ചികിത്സയില്‍ ഉള്ളത് 9 പേര്‍ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു.

കുട്ടികളെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഇനി ചികിത്സയില്‍ ഉള്ളത് 9 പേര്‍ മാത്രമാണ്. പരിക്കേറ്റവര്‍ക്കും ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കും കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്.

അപകടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. സംഘാടകരെ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്.

പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതാണ് സംഘാടകര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. സംഘാടകരെ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

Top