‘കറി ആന്റ് സയനൈഡ് ‘; കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുക്കി നെറ്റ്ഫ്ലിക്സ്

കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കി ഡോക്യുമെന്ററി. ‘കറി ആന്റ് സയനൈഡ് ‘ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഡിസംബര്‍ 22 മുതല്‍ ഡോക്യുമെന്ററി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്ട്രീമിങ് ആരംഭിക്കും. പോലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഡോക്യുമെന്റിയുടെ ഭാഗമാകുന്നു.

2019 ലാണ് കൂടത്തായി കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിയുന്നത്. വ്യാജ ഒസ്യത്തിന്മേല്‍ തുടങ്ങി അടുത്ത ബന്ധുക്കളായ ആറുപേരുടെ ജീവനാണ് ജോളി എടുത്തത്. ജോളി എന്ന പ്ലസ്ടു യോഗ്യത മാത്രമുള്ള ജോളി ജോസഫ് എന്‍.ഐ.ടി.. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.

2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.

ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചതും ഒടുവില്‍ ജോളിയിലേക്ക് അന്വേഷണം തിരിയുകയുമായിരുന്നു.

Top