തിരുവനന്തപുരം: അഴിമതി കേസില്‍ വിജിലന്‍സ് പ്രതിയാക്കിയ സി ആപ്റ്റ് എംഡി സജിത്ത് വിജയരാഘവനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. പാഠപുസ്തക അച്ചടി സ്വകാര്യപ്രസിനെ ഏല്‍പ്പിച്ച സംഭവത്തില്‍ 1.36 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിന് നല്‍കിയതില്‍ വ്യാപക ക്രമകേട് നടന്നുവെന്ന് ധനകാര്യപരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സജിത്ത് വിജയരാഘവനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നവംബര്‍ 30ന് ധനകാര്യ പരിശോധനവിഭാഗവും പിന്നീട് വിജിലന്‍സും ശുപാര്‍ശ ചെയ്യുകയായിരുന്നു.
അതേസമയം, ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സജിത് വിജയരാഘവന്റെ വിശദീകരണം. കെബിപിഎസിന് യഥാസമയം അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജൂണ്‍ 6ന് ചേര്‍ന്ന മന്ത്രിസഭ 43.5 ലക്ഷം അച്ചടി സി ആപ്റ്റിനെ ഏല്‍പ്പിച്ചത്. ജൂണ്‍ 20 ന് മുന്‍പ് അച്ചടി തീര്‍ക്കാനും നിര്‍ദ്ദേശിച്ചു. പ്രതിദിനം 4.5 ലക്ഷം പുസ്തകങ്ങളെങ്കിലും അച്ചടിക്കുന്ന വന്‍കിട പ്രസുകള്‍ക്കു മാത്രമേ ഇത് സാധിക്കൂ. അതുകൊണ്ടാണ് സി ആപ്റ്റ് ഇ ടെണ്ടര്‍ ക്ഷണിച്ചതെന്ന് സജിത് വിജയരാഘവന്‍ പറഞ്ഞു.


