ഇന്ന് രാജ്യത്തെ തന്നെ സെൻസേഷനാണ്, എസ്.എഫ്.ഐയുടെ ഈ മുൻനേതാവ് !

എസ്.എഫ്.ഐ… അതൊരു സംഭവം തന്നെയാണ്. വിവിധ മേഖലകളിലെ നിരവധി പ്രഗല്‍ഭരെ രാജ്യത്തിനു സംഭാവന ചെയ്ത സംഘടനയാണിത്. ചെങ്കൊടി പാറാത്ത സംസ്ഥാനങ്ങളില്‍ പോലും ശുഭ്രപതാക പാറുന്നതും കമ്യൂണിസ്റ്റ് വിരുദ്ധ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ പോലും കാമ്പസുകളില്‍ എത്തിയാല്‍ എസ്.എഫ്.ഐ ആയി മാറുന്നതും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ തന്നെയാണ്. അതിനു ആ സംഘടനയെ പ്രാപ്തമാക്കുന്നത് അവരുടെ ആശയങ്ങളും ഇടപെടലുകളിലെ വേഗതയും തന്നെയാണ്.

തമിഴകത്തെ ഇപ്പോഴത്തെ സെന്‍സേഷന്‍ മുന്‍ എസ്.എഫ്.ഐ നേതാവായ ചന്ദ്രുവിനെ കേന്ദ്രീകരിച്ചാണ്. പഠിക്കുമ്പോള്‍ എസ്.എഫ്.ഐ പകര്‍ന്നു നല്‍കിയ ചങ്കൂറ്റമാണ് ഒരു തീപ്പൊരി അഭിഭാഷകനായി അദ്ദേഹത്തെ മാറ്റിയിരുന്നത്. ഒരു തികഞ്ഞ കമ്യൂണിസ്റ്റായ ചന്ദ്രുവിന്റ ജീവിതവും സംഭവ ബഹുലമാണ്. ഹൈക്കോടതി ജഡ്ജിയായ ശേഷം സംഘടാ പ്രവര്‍ത്തനത്തിന് റെഡ് സിഗ്‌നല്‍ ഉയര്‍ന്നെങ്കിലും പാവങ്ങള്‍ക്കു വേണ്ടി ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹം അപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സാധാരണ ഒരു ഹൈക്കോടതി ജസ്റ്റിസ് വിരമിച്ചാല്‍ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ ഒരു യാത്രയപ്പുണ്ടാവും. ഗ്രൂപ്പ് ഫോട്ടോ, ചായസത്കാരം തുടങ്ങി ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ അത്താഴം വരെ റെഡിയായിരിക്കും. അതാണ് അതിന്റെ ഒരു നടപടിക്രമം. എന്നാല്‍ 2013ല്‍, മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ചന്ദ്രു വിരമിച്ചപ്പോള്‍ ഈ കീഴ്‌വഴക്കങ്ങളാണ് തിരുത്തി കുറിച്ചിരുന്നത്. വിരമിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ തനിക്ക് യാത്രയപ്പു ചടങ്ങുകള്‍ നടത്താന്‍ ഓര്‍ഡര്‍ ഇടരുതെന്ന് ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് ചന്ദ്രു അഭ്യര്‍ത്ഥിച്ചിരുന്നു. ജഡ്ജിമാരെ മാത്രമല്ല അഭിഭാഷകരെ പോലും അത്ഭുതപ്പെടുത്തിയ നിലപാടായിരുന്നു ഇത്. അങ്ങനെയൊരു ആവശ്യം മറ്റാരും ജഡ്ജിയും അതുവരെ മുന്നോട്ടു വച്ചിരുന്നില്ലന്നതും നാം തിരിച്ചറിയണം.

അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പിയും ചീഫ് ജസ്റ്റിസിനു ചന്ദ്രു കൈമാറുകയുണ്ടായി. സ്വത്തു വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായ അപൂര്‍വം ന്യായാധിപരുടെ പട്ടികയിലാണ് ഇതോടെ ചന്ദ്രുവും ഇടംപിടിച്ചിരിക്കുന്നത്. കോടതിയില്‍ നിന്നും പടിയിറങ്ങുന്നതിനു മുന്‍പ് അടുത്തുള്ള സംഗീത റസ്‌റ്റോറന്റില്‍ പോയി കാപ്പി കുടിച്ച ജസ്റ്റിസ് ചന്ദ്രു അന്നുരാവിലെ തന്നെ ഔദ്യോഗികവാഹനം തിരിച്ചേല്‍പ്പിച്ചതിനാല്‍ ബീച്ച് സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയാണ് തിരിച്ചു വീട്ടിലേക്കു മടങ്ങിയിരുന്നത്. കര്‍ക്കശക്കാരനും നീതിമാനുമായ ഒരു ന്യായാധിപന്റെ ഔദ്യോഗികജീവിതം അവസാനിച്ചത് ഇങ്ങനെ ഒക്കെ ആയിരുന്നു.

ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ഏഴുവര്‍ഷ കാലയളവില്‍ ചന്ദ്രു തീര്‍പ്പാക്കിയത് 96,000 കേസുകളാണ്. ഈ കണക്ക് കേട്ടാല്‍ ആരും തന്നെ ഒന്നു അമ്പരക്കും. ഒരുദിവസം 75 കേസുകള്‍ വരെ കേട്ടിരുന്ന ചന്ദ്രു ചരിത്രപരമായ പല വിധികളും ഇതിനകം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ജസ്റ്റീസെന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നത്. ചേമ്പറിലേക്ക് കടന്നുവരുമ്പോള്‍ ദുഫേദാര്‍ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം പോലും ചന്ദ്രു ജസ്റ്റിസായിരുന്നപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല സുരക്ഷയ്ക്കായി നല്‍കിയ ഗണ്‍മാനെയും ഒഴിവാക്കിയ ഈ ന്യായാധിപന്‍ കാറിലെ ചുവന്ന ബീക്കണ്‍ ലൈറ്റും എടുത്ത് കളഞ്ഞിരുന്നു. ഔദ്യോഗിക വസതിയില്‍ സര്‍ക്കാര്‍ സേവകരെയും അദ്ദേഹം നിയമിച്ചിരുന്നില്ല. അഭിഭാഷകരെ മൈ ലോര്‍ഡ് എന്നുവിളിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ചന്ദ്രു തന്നെ വിലക്കുകയുണ്ടായി.

വിരമിച്ച ശേഷം സര്‍ക്കാറിന്റെ പിന്തുണയില്‍ ഏതെങ്കിലും കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്‌സ്മാനോ ഗവര്‍ണറോ ആയി ചുമതല ഏല്‍ക്കാനും അദ്ദേഹം നിന്നു കൊടുത്തിട്ടില്ല. പദവികള്‍ക്കും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച ചുവപ്പ് പ്രത്യായ ശാസ്ത്രം പകര്‍ന്നു നല്‍കിയ ബോധമാണ് ഇവിടെയും ചന്ദ്രുവിനെ നയിച്ചിരിക്കുന്നത്. അങ്ങനെ തന്നെ വിലയിരുത്താനാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴെ സമര മുഖത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ചന്ദ്രു. എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ സിപിഎമ്മിലും സി.ഐ.ടിയുവിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമരങ്ങളെ തുടര്‍ന്ന് ജയിലില്‍ പോവേണ്ട അവസ്ഥയും ചന്ദ്രുവിനുണ്ടായി. ഇതില്‍ നിന്നെല്ലാം കിട്ടിയ ഒരു അനുഭവം അഭിഭാഷക ജീവിതത്തിലും പിന്നീട് ജഡ്ജിയായിരുന്നപ്പോഴും പല വിധത്തില്‍ തനിക്ക് പ്രയോജനപ്പെട്ട കാര്യം വിരമിച്ച ശേഷം ചന്ദ്രു തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ചന്ദ്രുവിനെ കുറിച്ച് കേട്ടറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതും സമീപ കാലത്താണ്. സംസ്ഥാന അധ്യക്ഷ പദവിയായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു ആശയത്തില്‍ വിശ്വസിക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ചന്ദ്രു സ്‌നേഹപൂര്‍വ്വം കെജരിവാളിന്റെ ക്ഷണം നിരസിക്കുകയാണുണ്ടായത്. ജഡ്ജിയായപ്പോള്‍ ചുവപ്പ് രാഷ്ട്രീയം വിട്ടെങ്കിലും വിരമിച്ചപ്പോള്‍ മറ്റൊരു പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കാന്‍ പോലും ചന്ദ്രുവിന് കഴിയുമായിരുന്നില്ല. ഇക്കാരാവും ചന്ദ്രു മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരികളാവാം പൊതുശ്മശാനങ്ങളില്‍ ജാതീയമായ വേര്‍തിരിവുകള്‍ പാടില്ല… തുടങ്ങി സുപ്രധാനമായ നിരവധി വിധികള്‍ എഴുതിയ ഒരു ന്യായാധിപനായിരുന്നു ചന്ദ്രു. ഈ മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍ ‘ജയ് ഭീം’ എന്ന സൂര്യയുടെ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. ഇരുള്‍ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭര്‍ത്താവിനെ തേടി ഹൈക്കോടതി വരെ എത്താനും കഴിയുമായിരുന്നില്ല. രാജാക്കണ്ണിന്റെ അനാഥമരണത്തിനു നീതി ലഭ്യമാക്കിയത് ചന്ദ്രു അഭിഭാഷകനായിരുന്നപ്പോഴാണ്. സി.പി.എം നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം കേസ് വാദിച്ചിരുന്നത്.

പ്രതിഫലമില്ലാതെ ഈ കേസ് നടത്തിയ ചന്ദ്രു തന്നെ സ്വാധീനിക്കാന്‍ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ എല്ലാം പടിയിറക്കിയാണ് ഓടിച്ചു വിട്ടിരുന്നത്. പിന്നീട് ഹൈക്കോടതി ജഡ്ജിയായപ്പോഴും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തോടുള്ള കരുതല്‍ അദ്ദേഹം തുടര്‍ന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോള്‍ അദ്ദേഹം തുടരുന്നതും അതു തന്നെയണ്. രാജാക്കണ്ണ് മിസ്സിങ് കേസ്, ജയ് ഭീം എന്ന സിനിമയായി പുറത്തിറങ്ങിയതും ചന്ദ്രുവിന്റെ അനുമതിയോടെയാണ്. കീഴ് ജാതിക്കാരെ തല്ലിക്കൊന്നാലും ആരും ചോദിക്കാനില്ലന്ന വരേണ്യ-വര്‍ഗ്ഗ ബോധത്തെയാണ് വീണ്ടും സിനിമയിലൂടെ ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ എത്രമാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അതില്‍ പൊലീസിനും നിയമവ്യവസ്ഥക്കും വലിയ പങ്കാണുള്ളതെന്നും വ്യക്തമായി ചൂണ്ടിക്കാട്ടുന്ന സിനിമകൂടിയാണിത്.

EXPRESS KERALA VIEW

Top