ആപ്പ് സർക്കാറുകളും ‘ആപ്പിലായി’ അഴിമതിക്കെതിരായ നിലപാടും ‘പാളി’

അരവിന്ദ് കെജരിവാളിൻ്റെ ‘അപ്പ് ‘ ഇപ്പോൾ ശരിക്കും … ആപ്പിലായിരിക്കുകയാണ്.പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചതാണ് ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി യിരിക്കുന്നത്.വിഐപി സംസ്‌കാരത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം പഞ്ചാബ് പോലീസ് മൂസേവാലയുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ ക്രൂരമായി വെടിവെച്ച് കൊന്നിരിക്കുന്നത്.30 റൗണ്ട് വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്.ഇതോടെ രാജ്യവ്യാപകമായാണ് ആം ആദ്മി സർക്കാറിനെതിരെ ജനരോക്ഷം ഉയർന്നിരിക്കുന്നത്. അഴിമതിക്കാരനായ സ്വന്തം  മന്ത്രിസഭ യിലെ അംഗത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് കയ്യടി വാങ്ങിയ പഞ്ചാബ് മുഖ്യമന്ത്രിക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണിത്.

ഗായകൻ സിദ്ധു മൂസേവാലക്കൊപ്പം മറ്റു 423 പേരുടെയും സുരക്ഷ ഭഗവന്ത് മന്റെ നേതൃത്വത്തി ലുള്ള ആം ആദ്മി സർക്കാർ പിൻവലിച്ചിരുന്നു. ഇതോടെ സകല പ്രതിപക്ഷ പാർട്ടികളും ഇപ്പോൾ സർക്കാറിനെ വിമർശിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്ത പഞ്ചാബിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നാണ് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പിയും ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. ഡൽഹിക്കും പഞ്ചാബിനും ശേഷം ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുവാനുള്ള കെജരിവാളിൻ്റെ നീക്കത്തിനെതിരെ കൂടിയാണ് ഈ അരുംകൊലപാതകത്തെ ബി.ജെ.പി നിലവിൽ ഉപയോഗപ്പെടുത്തുന്നത്.

”ജീവൻ ഉണ്ടായിട്ടു വേണ്ടേ, ആപ്പ് സർക്കാറിൻ്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ” എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രായോഗികമായ നടപടിക്കു പകരം എടുത്ത് ചാടി നടപടി സ്വീകരിച്ചതാണ് പഞ്ചാബ് സർക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്. കൈക്കൂലി  ആവശ്യപ്പെട്ട പഞ്ചാബിലെ ആരോഗ്യമന്ത്രിയെ ജയിലിലടച്ചതോടെ ഹീറോയായ മുഖ്യമന്ത്രി ഭഗവന്ത് മാനാണ്, ഈ ഒരൊറ്റ സംഭവത്തോടെ ‘ സീറോ’ ആയിരിക്കുന്നത്.ഉദ്യോ​ഗസ്ഥർ വഴി ആരോഗ്യമന്ത്രി വിജയ് സിംഗ്ലയുടെ അഴിമതിക്കഥകൾ രഹസ്യമായി ശേഖരിച്ച ശേഷം മിന്നൽ വേഗത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നത്.കെജരിവാളിൻ്റെ അനുമതി വാങ്ങിയായിരുന്നു ഈ നടപടി. ആരോഗ്യവകുപ്പ് സംബന്ധിച്ചുള്ള കരാറുകള്‍ക്കായി സിംഗ്ല ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പഞ്ചാബ് മുഖ്യമന്ത്രി രഹസ്യാന്വേഷണം നടത്തിയിരുന്നത്. മന്ത്രിസഭയിൽ നിന്ന് പുറത്താക്കി യതിന് പിന്നാലെ സിംഗ്ലയെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിനും മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദേശം നൽകിയിരുന്നു.

മാൻസ മണ്ഡലത്തിൽനിന്നും 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗ്ല വിജയിച്ചിരുന്നത്. ഇത്രയും വോട്ടിൻ്റെ ഭൂരിപക്ഷത്തിനു വിജയിച്ചിട്ടും കയ്യിലിരുപ്പ് മാറ്റാതിരുന്നതാണ് അദ്ദേഹത്തിനു  വിനയായി മാറിയിരിക്കുന്നത്. അധികാരം ലഭിച്ചാൽ ഏത് ആം ആദ്മിയും അഴിമതിക്കാരാവുമെന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നുണ്ട്. പഞ്ചാബി ഗായകൻ വെടിയേറ്റു മരിക്കുക കൂടി ചെയ്തതോടെ പക്വതയില്ലാത്ത സർക്കാറാണ് പഞ്ചാബ് ഭരിക്കുന്നതെന്ന പ്രചരണത്തിനു കൂടിയാണ് ശക്തി വർദ്ധിച്ചിരിക്കുന്നത്.  കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജരിവാളിൻ്റെ തട്ടകത്തിൽ കയറി അറസ്റ്റ് അറസ്റ്റ് ചെയ്ത സംഭവവും ആംആദ്മി പാർട്ടിക്ക് വലിയ പ്രഹരമായിട്ടുണ്ട്.ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്.

2015-2016 കാലഘട്ടത്തിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാൻ എടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗി​ച്ചെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സത്യേന്ദർ ജെയിനിനെയാണ് ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പ്രയസ് ഇൻഫോ സൊലൂഷൻസ് അകിൻചന്ദ് ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളുടെ പേരിൽ നടന്ന ഇടപാടുകളാണ് സംശയത്തിന്റെ നിഴലിലുള്ളത്. മന്ത്രിയുടെ കുടുംബാംഗങ്ങളും ഈ കേസിൽ പ്രതികളാണ്.

അതേസമയം അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ന്യായീകരിക്കുന്ന സമീപനമാണ് അരവിന്ദ് കെജരിവാൾ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.അഴിമതി കേസിൽ പഞ്ചാബിൽ സ്വന്തം മന്ത്രിയെ ജയിലിലടച്ചവർ തന്നെയാണ്, ഡൽഹിയിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.ഈ ഇരട്ടതാപ്പ് നയം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ എതിരാളികൾ ഇപ്പോൾ ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top