currency issue; today is the last day to solve the prblm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട സമയപരിധി ഇന്ന് അവസാനിക്കും.

പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് അവസാനിക്കില്ലെന്നും ഘട്ടംഘട്ടമായി മാത്രമേ പരിഹരിക്കപ്പെടൂവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകീട്ട് ഏഴരയ്ക്ക് നടത്താനിരിക്കുന്ന അഭിസംബോധയ്ക്കായി ഉറ്റുനോക്കുകയാണ് രാജ്യം.

വലിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രങ്ങളില്‍ ഇളവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും അസാധുവാക്കിയ നിര്‍ണായക തീരുമാനത്തിലൂടെ പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും കളളപ്പണം,കള്ളനോട്ട് എന്നിവയ്‌ക്കെതിരായ യുദ്ധം ലക്ഷ്യം കണ്ടുവെന്ന വിലയിരുത്തലാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

എങ്കിലും, നോട്ട് ക്ഷാമമടക്കമുള്ള പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകും.

അതൃപ്തികള്‍ പരിഹരിക്കാന്‍ നികുതി നിരക്ക് കുറയ്ക്കുന്നതടക്കം വരാനിരിക്കുന്ന പൊതുബജറ്റ് ജനകീയമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടുതല്‍ പുറത്തിറക്കും. കള്ളപ്പണവേട്ടയും, പ്രത്യക്ഷ നികുതി വരുമാനം വര്‍ദ്ധിച്ചതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നോട്ട് അസാധുവാക്കിയതിലൂടെയുണ്ടായ നേട്ടങ്ങള്‍ പ്രധാനമന്ത്രി പുതുവര്‍ഷത്തലേന്ന് നടത്തുന്ന പ്രസംഗത്തിലൂടെ വിശദീകരിക്കും. യു.പി നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം കണക്കിലിടെത്ത് വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കണക്കൂട്ടല്‍.

അതേസമയം, എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക നാലായിരമാക്കിയേക്കും. ബാങ്കില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക നാല്‍പതിനായിരം രൂപയാക്കും.

Top