Currency ban:mistake from Reserve Bank of India

ന്യൂഡല്‍ഹി: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കി രാജ്യത്തെ ഞെട്ടിച്ച് കളഞ്ഞ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍.

മുപ്പതിനായിരം കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകള്‍ വിപണിയിലിറക്കിയ ‘അബദ്ധം’ തിരുത്താനായിരുന്നു ഇപ്പോഴത്തെ ഈ സര്‍ക്കാര്‍ നടപടിയെന്നാണ് ഉയരുന്ന വിമര്‍ശനം.

റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ വര്‍ഷാവസാനം പിണഞ്ഞ ഈ അബദ്ധത്തിന് പരിഹാരമായി സ്വീകരിച്ച നടപടി കള്ളപ്പണ വേട്ടായായി ചിത്രീകരിക്കുകയാണെന്നാണ് വിമര്‍ശനം.

എത്ര മൂല്യത്തിലുള്ള നോട്ടുകളാണ് അബദ്ധം പിണഞ്ഞ് അച്ചടിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ചില ദേശീയ മാധ്യമങ്ങള്‍ 5 AG, 3AP സീരിസില്‍പ്പെട്ടവയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിഎന്‍എന്‍-ഐബിഎന്‍ 2016 ജനുവരിയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇക്കാര്യം ഇപ്പോള്‍ നോട്ട് മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചായാകുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കയ്യബദ്ധം അറിഞ്ഞയുടന്‍ റിസര്‍വ്വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രെ. ഇത് സംബന്ധമായി ചില ശിക്ഷാ നടപടികളും അധികൃതര്‍ സ്വീകരിച്ചിരുന്നു.

ധനമന്ത്രാലയം നിയമിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ നോട്ട് പിന്‍വലിക്കല്‍ നടപടിയെന്നാണ് പറയപ്പെടുന്നത്.

തങ്ങള്‍ക്ക് പറ്റിയ അക്കിടിയെ വലിയ രാഷ്ട്രീയ ആയുധമാക്കി കേന്ദ്രസര്‍ക്കാരും ബിജെപിയും മാറ്റുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാനവിമര്‍ശനം.

അതേസമയം 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമെന്ന് ഏഴുമാസം മുന്‍പേ മോദിയുടെ ‘സ്വന്തം’ ഗുജറാത്തില്‍നിന്നു പ്രസിദ്ധികരിക്കുന്ന പത്രം ‘പ്രവചിച്ചതും രാഷ്ട്രീയ എതിരാളികള്‍ക്ക് നല്ലൊരു ആയുധമായിട്ടുണ്ട്.

CURRENCY BAN

രാജ്‌കോട്ട് ആസ്ഥാനമായുള്ള ‘അകില’ എന്ന പത്രമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ഇങ്ങനെ ഒരു ‘പ്രവചനം’ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ പത്ര കട്ടിംങ് വൈറലായി മാറിക്കഴിഞ്ഞു. എന്നാല്‍, ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനത്തില്‍ പ്രസിദ്ധീകരിച്ച ‘തമാശ വാര്‍ത്ത’ മാത്രമായിരുന്നുവെന്നാണ് പത്രത്തിന്റെ എഡിറ്ററുടെ വിശദീകരണം. ടെലഗ്രാഫ് ഇന്ത്യയോടാണ് ‘അകില’യുടെ എഡിറ്റര്‍ കീരിത് ഗാന്ധാരയുടെ പ്രതികരണം.

ഏപ്രില്‍ 1ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഏഴാം പേജിലാണ് നോട്ട് നിരോധിക്കുന്ന കാര്യം അച്ചടിച്ചുവന്നത്. കള്ളപ്പണവും അഴിമതിയും തടയുമെന്നു നയപ്രഖ്യാപനം നടത്തി അധികാരത്തിലേറിയ സര്‍ക്കാര്‍, രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇതിനെതിരെയുള്ള ആദ്യ ചുവട് വയ്പായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കുമെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്. കള്ളപ്പണത്തിനും വ്യാജനോട്ടുകള്‍ക്കും ഭീകരവാദത്തിനും അഴിതിക്കുമെതിരെയുള്ള ചരിത്രപരമായ തീരുമാനമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത വന്ന് ഏഴുമാസത്തിനുശേഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അറിയിക്കുന്നത്. ഏറെ രഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു നടപടി.

യുപി,ഗുജറാത്ത് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമായിരിക്കെ അനുകൂലമായ ഇപ്പോഴത്തെ സാഹചര്യം ബിജെപിക്ക് തന്നെ തിരിച്ചടിയാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

നോട്ടിന് പിന്നിലെ രാഷ്ട്രീയം പരമാവധി പ്രചാരണമാക്കി മോദി സര്‍ക്കാരിനെയും ബിജെപിയേയും പ്രഹരിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.

നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്നും കറന്‍സി പിന്‍വലിക്കുന്ന വാര്‍ത്ത ഒരാഴ്ച മുമ്പേ ബി.ജെ.പി രാജ്യത്തെ വന്‍ മുതലാളിമാരെ അറിയിച്ചിരുന്നതായും കെജ്‌രിവാള്‍ ആരോപിച്ചു.

നിരവധി വിദഗ്ധരുമായി താന്‍ സംസാരിച്ചിരുന്നു. 1000 ത്തിന് പകരം 2000 രൂപയുടെ നോട്ട് കൊണ്ടുവന്നാല്‍ കള്ളപ്പണം എങ്ങനെ തടയാമെന്ന് അവര്‍ക്കാര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചില്ലെന്നും കെജ്‌രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇത് കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ല. എതെങ്കിലും കള്ളപ്പണക്കാരനെയോ പണക്കാരനേയോ ബാങ്കിനു മുന്നിലെ ക്യൂവില്‍ കാണാന്‍ കഴിഞ്ഞോ? പാവപ്പട്ട കച്ചവടക്കാരും റിക്ഷ വലിക്കുന്നവരും ഓട്ടോ റിക്ഷാഡ്രൈവര്‍മാരും കര്‍ഷകരും സാധാരണ ജോലിക്കാരുമാണ് നോട്ട് മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഈ ആളുകളാണോ കള്ളപ്പണക്കരെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തു നിന്നും കള്ളപ്പണം ഇല്ലാതാക്കുകയാണ് മോദിയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹം സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 648 പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. ഈ 648 പേരെ പിടികൂടാതെ രാജ്യത്തെ കള്ളപ്പണം എങ്ങനെ ഇല്ലാതാക്കാന്‍ കഴിയും? എന്നാല്‍ ഇവരെ അറസറ്റ് ചെയ്യാന്‍ മോദി തയ്യാറാകില്ല, കാരണം മോദിയുടെയും ബി.ജെ.പിയുടെയും അടുത്ത ആള്‍ക്കാരാണ് ഈ 648 പേരുമെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Top