Currency ban; Sitaram Yechuri supported Modi government

ന്യൂഡല്‍ഹി: നോട്ട് വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

നോട്ട് റദ്ദാക്കിയ തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നും, ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണ് ചെയ്യേണ്ടതെന്നും അഭിപ്രായപ്പെട്ട സിപിഎം ജനറല്‍ സെക്രട്ടറിയുടെ നീക്കം കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളെയാകെ ഞെട്ടിച്ച് കളഞ്ഞിട്ടുണ്ട്.

വിഷയത്തില്‍ ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നേതൃത്വത്തില്‍ ബുധനാഴ്ച രാഷ്ട്രപതിയെ കാണാനിരിക്കെയാണ് അപ്രതീക്ഷിതമായ സിപിഎമ്മിന്റെ മലക്കം മറിച്ചില്‍.

പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നടപടി പാവങ്ങളുടെ നേരെയുള്ള കടന്നാക്രമണമാണെന്നും ആരോപിച്ച് കേരളത്തിലെ സിപിഎം നേതൃത്വവും ഇടത് സര്‍ക്കാരുമെല്ലാം ശക്തമായി രംഗത്ത് വന്നിരിക്കെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ തിരുത്തുമായി രംഗത്ത് വന്നിരിക്കുന്നത്.

‘നോട്ടുകള്‍ റദ്ദാക്കാന്‍ പോകുന്നു എന്ന തരത്തില്‍ രാജ്യത്തെ ചില മാധ്യമങ്ങള്‍ മുന്‍കൂട്ടി വാര്‍ത്തകള്‍ നല്‍കിയതുപോലെ കള്ളപ്പണക്കാരും കേന്ദ്രസര്‍ക്കാര്‍ തീരുമാനം മുന്‍കൂട്ടി അറിഞ്ഞിരുന്നവെന്നായിരുന്നു’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. അത്തരക്കാര്‍ സുരക്ഷിതമായി കള്ളപ്പണം മാറ്റി കഴിഞ്ഞെന്നും, ബംഗാളിലെ ബിജെപി ഘടകം വിവരം മുന്‍കൂട്ടി അറിഞ്ഞ് കോടികള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച സംഭവം ഇതുമായി ചേര്‍ത്തു വായിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി അഭിപ്രായപ്പെട്ടിരുന്നു.

നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.

ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ നിലപാട് തിരുത്തിയതിനാല്‍ ഇനി മുന്‍ നിലപാടുമായി മുന്നോട്ട് പോവാന്‍ സിപിഎം സംസ്ഥാന ഘടകങ്ങള്‍ക്ക് കഴിയില്ല. ഇത് ഇടത് അണികളിലും നേതാക്കളിലും പരക്കെ വലിയ ആശയക്കുഴപ്പത്തിനാണ് വഴി മരുന്നിട്ടിരിക്കുന്നത്.

കള്ളപ്പണക്കാര്‍ക്കെതിരെ നടപടി വേണമെന്ന് രാജ്യത്ത് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും, അതുകൊണ്ട് തന്നെ പഴയ സ്ഥിതി പുന:സ്ഥാപിക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കില്ലെന്നുമുള്ള നിലപാടിലാണ് സീതാറാം യെച്ചൂരി.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയതില്‍ മാത്രമാണ് യെച്ചൂരി പാളിച്ച കണ്ടെത്തുന്നത്. അതാകട്ടെ ബിജെപിയിലെയും ഘടക കക്ഷികളിലെയും പ്രമുഖനേതാക്കളുടെ വിലയിരുത്തലുമാണ്.

കടുത്ത രാഷ്ട്രീയ എതിരാളികളായ മോദിയെയും ബിജെപിയെയും കടന്നാക്രമിക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചിട്ടും സിപിഎം ജനറല്‍ സെക്രട്ടറി കേന്ദ്ര സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണത്തെയും സീതാറാം യെച്ചൂരി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നേരിടുന്ന വലിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യക്തിപരമായി ബിജെപി ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള യെച്ചൂരി നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് നിലപാട് തണുപ്പിച്ചതെന്നാണ് സൂചന.

കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ച ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും അനുമതിയോടെ ഗവണ്‍മെന്റ് തലത്തില്‍ തന്നെ ‘കേരളാ ബാങ്ക് ‘ സ്ഥാപിക്കാനും സഹകരണ ബാങ്കുകളെ അതിന്റെ കീഴില്‍ കൊണ്ട് വരാനുമാണ് ആലോചന.

Top