Currency ban; mohanlal’s blog;conflict in DYFI

കൊച്ചി: നോട്ട് വിവാദത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായപ്രകടനത്തെ ചൊല്ലി ഡിവൈഎഫ്‌ഐയില്‍ ഭിന്നത.

മോദിയെ പ്രശംസിച്ച് മദ്യശാലക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ബാങ്കിന് മുന്നിലും ക്യൂ നില്‍ക്കാമെന്ന ലാലിന്റെ വിവാദ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ലാലിന്റെ വ്യക്തി സ്വാതന്ത്യത്തിന് വേണ്ടി ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോ.സെക്രട്ടറി മുഹമ്മദ് റിയാസ് രംഗത്തിറങ്ങിയിരുന്നു.

റിയാസിന്റെ ഈ വാദങ്ങളെ തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജ് രംഗത്ത് വന്നിരിക്കുന്നത്.

‘മോഹന്‍ലാല്‍ മഹാനടനാണ്, ഒരു വ്യക്തിയുമാണ്.അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല.പക്ഷെ ആ അഭിപ്രായത്തിന്റെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം, വ്യക്തിപരമായി ആക്ഷേപിക്കുന്നത് പ്രോല്‍സാഹിപ്പിക്കപ്പെടെണ്ട രീതിയല്ലെ’ന്നായിരുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നത്.

എല്ലാ പൗരന്മാരും ചില വിഷയങ്ങളില്‍ നിലപാട് തുറന്നു പറയുന്നത് ,അരാഷ്ട്രീയതയെ ഇല്ലാതാക്കും.മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വെച്ചു പുലര്‍ത്തി കൊണ്ട് പറയട്ടെ,മോഹന്‍ലാല്‍ എന്ന കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും,പുകഴ്ത്തുകയും ചെയ്യേണ്ടത് വിത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചാകരുതെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

മൗനം പാലിക്കുന്നതിനേക്കാള്‍,പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണെന്നാണ് റിയാസിന്റെ പക്ഷം.

എന്നാല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുടെ ഈ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ലാലിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണിപ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി.

വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂവെന്ന് സ്വരാജ് തുറന്നടിച്ചു. സിനിമയ്ക്കു പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടുവെന്ന് വരില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എന്തു നിലപാടും സ്വീകരിക്കാനും ഏതു പാര്‍ട്ടിയിലും അംഗത്വമെടുക്കാനുമുള്ള അവകാശമുണ്ടെങ്കിലും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയെന്ന നിലയില്‍ ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ട്. ബ്ലോഗ് എഴുതാനിരിക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസിലാക്കാനും പഠിക്കാനും അദ്ദേഹം തയാറാവേണ്ടതായിരുന്നുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടു നിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടക്കണം. ഇന്ത്യയിലെ ജനപഥങ്ങളിലേക്ക് ഒന്നു കണ്ണോടിക്കണം. സമകാലിക ഇന്ത്യയുടെ നേര്‍ചിത്രം അപ്പോള്‍ കാണാന്‍ കഴിയും. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും മകളുടെ ചികിത്സക്കായി അത് പിന്‍വലിക്കാന്‍ കഴിയാതെ മനംനൊന്ത് ജീവനൊടുക്കിയ മന്‍മഥന്‍ പിള്ളയുടെ ചേതനയറ്റ ശരീരവും, മന്‍മഥന്‍ പിള്ളയെ പോലെ ഇന്ത്യയില്‍ ജനിച്ചു എന്ന കാരണത്താല്‍ മരിക്കേണ്ടി വന്ന എഴുപതിലധികം (ഇന്നുവരെയുള്ള കണക്ക് പ്രകാരം) പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങളും കാണുമ്പോള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്ന് തോന്നുമോ? പൗരന്‍മാരുടെ ശവകുടീരങ്ങള്‍ക്ക് മേല്‍ പണിതുയര്‍ത്തുന്ന ഏതു രാഷ്ട്രത്തെ കുറിച്ചാണ് നിങ്ങള്‍ അഭിമാനം കൊള്ളുന്നതെന്നും സ്വരാജ് മോഹന്‍ലാലിനോട് ചോദിക്കുന്നു.

രണ്ട് പ്രമുഖ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഒരേ വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഡിവൈഎഫ്‌ഐ അണികളെയും ആശയക്കുഴപ്പത്തിലാകകിയിട്ടുണ്ട്. ഇതില്‍ ഏതാണ് സംഘടനയുടെ അഭിപ്രായമെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. സംഘടനാപരമായി തീരുമാനം എടുക്കുന്നതിന് മുന്‍പ് ചാടിക്കയറി ഫേസ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതും മോദി ഭക്തനായ മോഹന്‍ലാലിനെ ന്യായീകരിച്ചതും ശരിയായില്ലെന്ന നിലപാടാണ് സംഘടനക്കുള്ളില്‍ ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.

മോഹന്‍ലാലിന് കള്ളപ്പണം ഉണ്ടെന്നും അത് ഒളിച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് മോദി സ്തുതിയുമായി രംഗത്ത് വന്നതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം മന്ത്രി എംഎം മണിയും ശക്തമായി രംഗത്ത് വന്നിരുന്നു.

Top