currency ban; crisis in film field

കൊച്ചി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ സിനിമ നിര്‍മ്മാണ മേഖലയും നേരിടുന്നത് വന്‍ പ്രതിസന്ധി.

തീയറ്ററുകളില്‍ കളക്ഷന്‍ കുത്തനെ കുറഞ്ഞതിനു പിന്നാലെ ഷൂട്ടിങ് സെറ്റുകളിലെ ദൈനംദിന ചിലവുകള്‍ നടക്കുന്നില്ലാത്തത് അണിയറ പ്രവര്‍ത്തകരെ വലയ്ക്കുകയാണ്. നിര്‍മ്മാണം നിര്‍ത്തി വെയ്‌ക്കേണ്ട അവസ്ഥയിലാണ് ചിത്രങ്ങളെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ പറഞ്ഞു.

താരങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കുമുള്ള പണം അക്കൗണ്ട് വഴി കൈമാറ്റം നടത്താമെങ്കിലും ഷൂട്ടിങ് സെറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. ഒരു ദിവസം സെറ്റുകളിലെ ചെലവ് ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെ വരാറുണ്ട്. ഇങ്ങനെ ചിലവഴിക്കാനുള്ള നോട്ടുകള്‍ കയ്യില്‍ ഇല്ലാത്തതാണ് വലിയ വെല്ലുവിളി.

മലയാളത്തെക്കാള്‍ പ്രതിസന്ധി തമിഴ് സിനിമ മേഖലയിലാണ്. കോളിവുഡില്‍ ഒരു ദിവസത്തെ ചിലവ് 50 ലക്ഷം വരെയാകും. ദിവസക്കൂലിക്കാര്‍ക്കു പോലും പണം നല്‍കാന്‍ സാധിക്കുന്നില്ല. പല സിനിമകളും ഷൂട്ടിങ് നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്.

നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തമിഴിലും മലയാളത്തിലും റിലീസിനെത്താനിരുന്ന പല ചിത്രങ്ങളും മാറ്റി വെച്ചിരുന്നു.

Top