Currency ban blog; MohanLal aim National Award 2016 ?

ന്യൂഡല്‍ഹി: 2016ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മോഹന്‍ലാല്‍ സ്വന്തമാക്കുമോ ?

മികച്ച അഭിനയത്തിന് 1991ലും,1999ലും രണ്ട് ദേശീയ അവാര്‍ഡുകള്‍ മോഹന്‍ലാല്‍ നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം, പുലിമുരുകന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലെ അഭിനയത്തിന് ലാലിന് ദേശീയ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും അടുപ്പക്കാരും.

500,1000 നോട്ടുകള്‍ നിരോധിച്ച നടപടിക്കെതിരെ ഒരു പ്രത്യേക നിയമസഭ തന്നെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിച്ച അസാധാരണ നടപടി അരങ്ങേറിയ കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്‍തുണച്ച് രംഗത്ത് വന്ന മോഹന്‍ലാലിന്റെ നടപടിയെ വളരെ പ്രാധാന്യത്തോടെയാണ് ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കാണുന്നത്.

ദേശീയതലത്തില്‍ തന്നെ കേരള നിയമസഭയുടെ അസാധാരണ നടപടി വന്‍ ചര്‍ച്ചയായതോടെയാണ് പ്രകോപിതനായ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് കാണാന്‍ അനുമതി നിഷേധിച്ചിരുന്നു.

കേരള ജനതക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള (സ്വാധീനമുണ്ടായിരുന്ന)മോഹന്‍ലാല്‍ മോദി സര്‍ക്കാരിനെ വിഷയത്തില്‍ അഭിനന്ദിച്ച് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതിന്റെ ‘ഉപകാരസ്മരണ’ ദേശീയ അവാര്‍ഡ് രൂപത്തില്‍ തിരിച്ച് ലാലിന് കിട്ടുമെന്ന പ്രചരണം സിനിമാ കേന്ദ്രങ്ങളിലും സജീവമാണ്.

കഴിവിനുള്ള അംഗീകാരമായി ഇനി ദേശിയ അവാര്‍ഡ് കിട്ടിയാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ഉപകാരസ്മരണയായി തന്നെയായിരിക്കും ചിത്രീകരിക്കപ്പെടുകയെന്ന കാര്യത്തില്‍ ലാല്‍ ആരാധകര്‍ക്കിടയില്‍ പോലും അഭിപ്രായവ്യത്യാസമില്ല.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഒപ്പ’ത്തില്‍ കാഴ്ചയില്ലാത്ത ഒരു കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചത്.

പുലിമുരുകനിലാകട്ടെ ഗ്രാഫിക്‌സിന്റെ മികവില്‍ യഥാര്‍ത്ഥ പുലിയുമായി ഒരു യുദ്ധം തന്നെ ലാല്‍ അവതരിപ്പിക്കുകയുണ്ടായി. രണ്ട് ചിത്രങ്ങളും ഇതിനകം തന്നെ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു.

പുലിമുരുകന്‍ 150 കോടി കളക്ട് ചെയ്യുന്നതിനുള്ള പ്രയാണത്തിലാണ്. ലാലിന് അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ ചലച്ചിത്ര നിരൂപകര്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ചിത്രത്തില്‍ പക്ഷേ ഒപ്പമാണ് ഒന്നാമത്.

Top