കര്‍ഫ്യൂ കര്‍ശനമായി പാലിക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കര്‍ഫ്യൂ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കത്ത് അയച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി. സാമൂഹിക അകലം പാലിക്കണം. രാത്രി ഒന്‍പതിനും രാവിലെ അഞ്ചിനും ഇടയില്‍ ആള്‍ക്കൂട്ടം പാടില്ല എന്നിങ്ങനെ നിര്‍ദേശം വച്ചാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

കൊവിഡ് ഇന്ത്യയെ കീഴടക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ വീണ്ടും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ഇളവുകള്‍ അവസാനിപ്പിച്ച് ലോക്ക് ഡൗണ്‍ കര്‍ശനമാക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം താക്കറെ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് പോയത്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹിയിലും ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്ന ഊഹാപോഹം പരക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലും ചെന്നൈയിലും മറ്റ് ജില്ലകളിലും അടുത്ത 15 ദിവസത്തേക്ക് വീണ്ടും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വ്യാജപ്രചാരണത്തെ മുഖ്യമന്ത്രി പളനിസ്വാമി തള്ളി.

Top