ഗുവാഹാട്ടിയില്‍ പ്രതിഷേധങ്ങള്‍ക്ക് ശമനം; കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ജില്ലാ ഭരണകൂടം

ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധങ്ങള്‍ക്ക് ശമനമായതോടെ ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഇളവ് നല്‍കിയത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ല. അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി.

ഗുവാഹാട്ടിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാലാണ് നിരോധനാജ്ഞയ്ക്ക് ഇളവ് വരുത്തിയിരിക്കുന്നത്. സൈന്യവും പോലീസും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഗുവാഹാട്ടിയിലും അസമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം ആളിക്കത്തിയത്.

ഗുവാഹാട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭത്തിനു നേരെയുണ്ടായ പോലീസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.തലസ്ഥാനമായ ഗുവാഹാട്ടിയില്‍ മാത്രമാണ് വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ സേനയ്ക്ക് പുറമേ 26 ഓളം സൈനികരേയും അസ്സമില്‍ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനു പിന്നാലെ സംസ്ഥാനത്തെ 10 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു.

Top