Curfew Lifted In Most Parts Of Kashmir After 52 Days Of Lockdown

ശ്രീനഗര്‍: 51 ദിവസം നീണ്ട കര്‍ഫ്യൂ പിന്‍വലിക്കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കാശ്മീര്‍ കണ്ട ഏറ്റവും നീളമേറിയ നിരോധനാജ്ഞയ്ക്കാണ് ഇതോടെ അവസാനമായത്. എന്നാല്‍ പുല്‍വാമ ജില്ല ഉള്‍പ്പെടെ ഏതാനും പ്രദേശങ്ങളില്‍ നിശാനിയമം തുടരും.

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ 51 ദിവസത്തിനിടയ്ക്ക് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 70 പേര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ ഞായറാഴ്ചയോടെ അവസാനിപ്പിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പുല്‍വാമ പട്ടണത്തിലും മഹാരാജ ഗഞ്ച്, നൗഹാട്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും നിശാനിയമം നിലനില്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം വിഘടനവാദി നേതാക്കളുടെ അറസ്റ്റ് ഞായറാഴ്ചയും തുടര്‍ന്നു. ഹുറിയത്ത് നേതാവ് ഗീലാനിയുടെ ഡെപ്യൂട്ടിയായ അഷ്‌റഫ് സെറായിയെ ശ്രീനഗറിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top