Curfew In Srinagar After 12-Year-Old Dies In Pellet Firing By Forces

ശ്രീനഗര്‍ : ഹിസ്ബുള്‍ മുജാഹിദ്ദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ മരണവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരില്‍ വീണ്ടും പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ 12 വയസ്സുകാരന്‍ മരിച്ചു.

പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു വേണ്ടിയാണ് ശനിയാഴ്ച വൈകിട്ട് സേന പെല്ലറ്റാക്രമണം നടത്തിയത്. ഈ സമയത്ത് വീടിന്റെ ഗേറ്റിനു സമീപത്തായി നില്‍ക്കുകയായിരുന്നു ജുനൈദ്. പെല്ലറ്റുകള്‍ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിച്ചു. ഗുരുതരമായി പരുക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതോടെ പ്രദേശത്ത് സംഘര്‍ഷം കൂടുതല്‍ ശക്തമായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ജുനൈദിന്റെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങള്‍ തെരുവിലൂടെ പ്രതിഷേധപ്രകടനം നടത്തി. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു. ഇവരെ തുരത്താനായി സേന കണ്ണീര്‍വാതകം പ്രയോഗിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരിന്റെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ആരംഭിച്ചത്. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 90 ലധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേര്‍ക്ക് പരുക്കേറ്റു.

പെല്ലറ്റ് പ്രയോഗത്തില്‍ നിരവധി പേരുടെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന് പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ പെല്ലറ്റ് പ്രയോഗം നിരോധിക്കാന്‍ കഴിയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി സെപ്തംബറില്‍ നിരീക്ഷിച്ചത്.

Top