വര്‍ഗ്ഗീയ സംഘര്‍ഷം: രാജസ്ഥാനിലെ കരൗലിയില്‍ കര്‍ഫ്യൂ

ജയ്പ്പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതുവരെ മുപ്പത്തിയാറോളം പേരെയാണ് സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്തതെന്ന് എഡിജി ഹവാസിങ്ങ് ചുമാരിയ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തലാക്കി. സമൂഹ്യമാധ്യമങ്ങള്‍ വഴി ഊഹാപോങ്ങള്‍ പരത്തുന്നത് തടയിടാനാണ് മൊബൈല്‍ ഇന്റര്‍നെറ്റും സേവനങ്ങള്‍ നിരോധിച്ചതെന്ന് സംസ്ഥാനത്തെ ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ജയ്പ്പൂരില്‍ നിന്നും 170കിലോമീറ്റര്‍ മാത്രം അകലെയാണ് കരൗലി സ്ഥിതിചെയ്യുന്നത്.

ഡെപ്യൂട്ടിപൊലീസ് സൂപ്രണ്ടിന്റെയും ഇന്‍സ്‌പെക്ടറുടേയും പദവിയിലുള്ള അന്‍പത് പോലീസ് ഓഫീസര്‍മാരുള്‍പ്പടെ അറുനൂറോളം പൊലീസുകാരെയാണ് സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് സംസ്ഥാന ഡിജിപിയോട് ആവശ്യപ്പെട്ടു. എല്ലാമത വിഭാഗത്തില്‍പ്പെട്ടവരും സമാധാനം പുനഃസ്ഥാപിക്കുന്നതിന്ന് പ്രയത്നിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഹിന്ദു പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിയിലേക്ക് കല്ലെറിഞ്ഞതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് ഒരു വിഭാഗം പ്രദേശത്തെ വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി. വസ്തുവകകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പു നടത്തി വരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top