Culture Minister Mahesh Sharma addresses New Zealand PM John Key ‘His excellency PM McCullum

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തെ പ്രധാനമന്ത്രിയെന്ന് തെറ്റിദ്ധരിച്ച് കേന്ദ്ര ടൂറിസം സഹ മന്ത്രി മഹേഷ് ശര്‍മ.

കഴിഞ്ഞ ദിവസം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടൂറിസം സാധ്യതകള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ സംസാരിച്ചപ്പോഴാണ് മഹേഷ് ശര്‍മ മക്കല്ലത്തെ പ്രധാനമന്ത്രിയെന്ന് സംബോധന ചെയ്ത് സംസാരിച്ചത്.

രണ്ടുതവണയാണ് ജോണ്‍ കിയെ ‘ഹിസ് എക്‌സലന്‍സി പ്രൈംമിനിസ്റ്റര്‍ മക്കല്ലം’എന്ന് മഹേഷ് ശര്‍മ വിശേഷിപ്പിച്ചത്.

ജോണ്‍ കി ക്കൊപ്പം ബ്രണ്ടന്‍ മക്കല്ലവും വേദിയിലുണ്ടായിരുന്നു. മഹേഷ് ശര്‍മയുടെ സംബോധന കേട്ട് സദസിലിരുന്നവര്‍ അമ്പരന്നുവെങ്കിലും തെറ്റ് പറ്റിയത് മനസിലാകാതെ മഹേഷ് ശര്‍മ ഉഗ്രന്‍ പ്രസംഗം തന്നെ നടത്തി.

മന്ത്രിക്ക് പറ്റിയ തെറ്റ് പിന്നില്‍ നിന്നിരുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യയിലെ ടൂറിസം അംബാസഡറും ബോളിവുഡ് താരവുമായ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് പിന്നീട് തിരുത്തിയത്.

ഏതായാലും തന്റെ പേര് തെറ്റിച്ച് പറഞ്ഞതിന്റെ പരിഭവമൊന്നും പിന്നീട് സംസാരിച്ച ജോണ്‍ കി പ്രകടിപ്പിച്ചില്ല. നമസ്‌തേയും സത്ശ്രീ അകാലും പറഞ്ഞ് സദസിനെ കൈയിലെടുത്ത ജോണ്‍ കി ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനേക്കുറിച്ച് വാചാലനായി.

ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ചെറിയ പാവാട ധരിക്കരുതെന്ന് നിര്‍ദേശിച്ച് മുമ്പ് വിവാദത്തിലായ ആളാണ് മഹേഷ് ശര്‍മ.

Top