സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ മര്‍ദ്ദനം ; 50 സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക്

മുക്കം : കക്കാടംപൊയിലില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 50 സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു. ഡി.വൈ.എഫ്.ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി.അനീഷ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്.

പ്രദേശത്ത് സി.പി.ഐ.എമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത നിര്‍മ്മാണങ്ങളും അക്രമങ്ങളും നടക്കുന്നുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്നും പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ന്ന് നടന്ന സി.പി.ഐ. കമ്മിറ്റി യോഗത്തില്‍ എ.ടി. സ്‌കറിയയെ വെണ്ടേക്കുംപൊയില്‍ കമ്മിറ്റി കണ്‍വീനറായി തെരഞ്ഞെടുത്തു. എ.ഐ.വൈ.എഫ്. യൂണിറ്റ് പ്രസിഡന്റായി എന്‍.സി. പ്രിജേഷിനെയും സെക്രട്ടറിയായി കെ.സി. അനീഷിനെയും തെരഞ്ഞെടുത്തു.

എ.ടി. സ്‌കറിയ, കെ.സി. അനീഷ്, എന്‍.സി. പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എന്‍.ജി. സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍ത്തസമ്മേളനം നടന്നത്. നേരത്തെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വെണ്ടേക്കുംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ ഉച്ചഭക്ഷണം നല്‍കിയതിന് തങ്ങള്‍ക്കു നേരെ ഭീഷണിയുണ്ടായെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇതിനിടെ സംഭവത്തില്‍ വിശദീകരണവുമായി പി.വി അന്‍വര്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. നാട്ടുകാര്‍ സംഘടിച്ച് സംഘത്തെ ആക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കോ ബന്ധുക്കള്‍ക്കോ കക്കാടംപൊയിലില്‍ പാറമടയില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം ഫേയ്സ് ബുക്കില്‍ കുറിച്ചു.

അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന തടയണ പരിശോധിക്കാനാണ് എം.എന്‍ കാരശ്ശേരി, ഡോ. ആസാദ്, സി.ആര്‍ നീലകണ്ഠന്‍, കുസുമം ജോസഫ്, കെ. അജിത, ടി.വി രാജന്‍ തുടങ്ങിയവരെത്തിയിരുന്നത്.

Top