അങ്കമാലി കേരളം കടക്കുന്നു; ക്യൂബന്‍ കോളനി ബോളിവുഡിലേക്ക്

cuban-colony-film

ങ്കമാലി പശ്ചാത്തലമാക്കി ഹാലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ച ചിത്രം ക്യൂബന്‍ കോളനി ബോളിവുഡിലേക്ക്. മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമ അങ്കമാലിയിലും, പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.

അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. മഹേഷിന്റെ പ്രതികാരം, മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍, അങ്കമാലി ഡയറീസിലൂടെ എത്തിയ ശ്രീകാന്ത്, നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍ എന്നിവര്‍ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോള്‍, ഐശ്വര്യ ഉണ്ണി, അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കുന്നതോടൊപ്പം മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം. മനോജ് വര്‍ഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവും പുറത്താണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍, യാസിന്‍ നിസാര്‍, നിരഞ്ജ്, അരിസ്റ്റോ സുരേഷ് എന്നിവരാണ്.

ബോളിവുഡിലെ പ്രശസ്ത സൗണ്ട് ഡിസൈനര്‍ ബിബിന്‍ ദേവ് ആണ് ക്യൂബന്‍ കോളനിയുടെയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ മിക്‌സിങ് അദ്ദേഹത്തിന്റെ മുംബൈയിലെ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ ബോളിവുഡിലെ പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്പനി ചിത്രം കാണാന്‍ ഇടയാകുകയും ഹിന്ദിയില്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി ക്യൂബന്‍ കോളനിയുടെ ഡയറക്ടര്‍ മനോജ് വര്‍ഗീസ് പറേക്കാട്ടില്‍ പറഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top