മരുന്ന് ഫലം കാണുന്നു; കോവിഡ് പ്രതിരോധത്തിലും ക്യൂബന്‍ വിപ്ലവം…

ഹവാന: കോവിഡ് പ്രതിരോധത്തിലും ഒരു പുതിയ വിപ്ലവം തീര്‍ത്ത് ക്യൂബ. ക്യൂബ വികസിപ്പിച്ചെടുത്ത രണ്ടു മരുന്നുകളാണ് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാകുമെന്ന് തെളിഞ്ഞിരിക്കുന്നത്.

ഈ മരുന്നുകളുടെ ഉപയോഗം മൂലം ഒരാഴ്ച്ചയായി രാജ്യത്ത് പുതിയ കോവിഡ് മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനം പേരും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ്‌ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ന്റെ വെളിപ്പെടുത്തല്‍.

ഏപ്രില്‍ മുതല്‍ ഉപയോഗിച്ച് വരുന്ന ഇറ്റോലി സുമാബ് എന്ന മരുന്നും, വാതരോഗത്തിന് ഉപയോഗിക്കാന്‍ പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് കോവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനും ക്യൂബയെ സഹായിച്ചിരിക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

നിരവധി മഹാമാരികളെ അതിജീവിച്ച ചരിത്രമുള്ള ഈ ചുവപ്പ് രാജ്യം കോവിഡ് പരിശോധനയിലും മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. രോഗവ്യാപനം തടയുന്നതിനും ക്യൂബ വിജയിച്ചിട്ടുണ്ട്.

11 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് 1916 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 200 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 81 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.മറ്റ് വികിസിത രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ കോവിഡ് കേസുകളുടെ എണ്ണത്തിലും മരണനിരക്കിലും ക്യൂബ മാതൃകയാണ്.

ലോകമൊട്ടാകെ കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ നിരവിധി രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ കയറ്റി അയച്ചും നടുകടലില്‍പ്പെട്ട ബ്രിട്ടീഷ് കപ്പലിലെ നൂറ് കണക്കിന് കൊറോണ ബാധിതരെ രക്ഷിച്ച് സുരക്ഷിത സ്ഥലതെത്തിച്ചും ക്യൂബ ലോകത്തിന് തന്നെ മാതൃകയായിരുന്നു. അന്ന് സൗഹൃദ രാജ്യങ്ങള്‍ കൈമലര്‍ത്തിയടത്താണ് ശത്രുരാജ്യം ബ്രിട്ടന് കൈ കൊടുത്തിരുന്നത്. മരണത്തെ ഭയമില്ലാത്ത വിപ്ലവകാരികളായ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യൂബയുടെ കരുത്ത്.

Top